പാറശാല: ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളികളായ അച്ഛനും മകനും പരിക്കേറ്റു. പൊഴിയൂർ പുതുവൽ പുരയിടത്തിൽ സിൽവസ്റ്റർ (43), മകൻ ഇഗ്‌നേഷ്യസ് (19) എന്നിവർക്കാണ് ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റത്. ഇരുവരും പൊഴിക്കരയിൽ വല നെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. ഇടിമിന്നലിൽ സിൽവസ്റ്ററിന് ശരീരത്തിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊഴിയൂർ പൊലീസ് സിൽവസ്റ്ററെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൻ ഇഗ്‌നേഷ്യസിനെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.