covid-kerala

തിരുവനന്തപുരം : കൊവിഡിനെതിരെയായ ചെറുതും വലുതുമായ പോരാട്ടങ്ങൾ 100 ദിവസം പൂ‌ർത്തിയാക്കിയ കേരളം നിലവിൽ ആശ്വാസ തീരത്താണ്. കൊവിഡ് ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.ചൈനയിൽ നിന്നു വന്ന തൃശൂരിലെ വിദ്യാർത്ഥിനിക്കായിരുന്നു രോഗം. വിദ്യാർത്ഥിനിയുടെ സഹപാഠികളിൽ ഒരാൾക്ക് ഫെബ്രുവരി 2ന് ആലപ്പഴയിലും മറ്റൊരു കുട്ടിയ്ക്ക് 3ന് കാസർകോടും രോഗം സ്ഥിരീകരിച്ചു. തൃശൂരിലെ വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളേജിൽ 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫെബ്രുവരി 20നാണ് വീട്ടിലേക്ക് മടങ്ങിയത്. മറ്റ് രണ്ട് പേരും ഇതിനു മുൻപേ രോഗമുക്തരായി. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഫെബ്രുവരി 13നും കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഫെബ്രുവരി 16നും വീട്ടിലേക്ക് മടങ്ങി.പൊതുസമൂഹത്തിൽ ഗൗരവം വർദ്ധിപ്പിക്കാനും സ്ഥിതി പിടിച്ചു നിറുത്താനുമായി ഫെബ്രുവരി മൂന്നിന് കൊവിഡ് സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഫെബ്രുവരി ഏഴിന് ദുരന്ത പ്രഖ്യാപനം പിൻവലിച്ചു.ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേർ ഉൾപ്പെടെ പത്തനംതിട്ടയിൽ അഞ്ചു പേർക്ക് മാർച്ച് എട്ടിന് രോഗം സ്ഥിരീകരിച്ചു. ഇതായിരുന്നു കൊവിഡിൻെറ രണ്ടാം വരവ്. ഏപ്രിൽ 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 24ന് 14 പേർക്ക് കൊവിഡ് ബാധ. 27ന് അത് 39 പേർക്കായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസം ഇതാണ്.

മേയ് ഒന്ന് ആർക്കും കൊവിഡ് സ്ഥിരീകരിക്കാത്ത ആദ്യദിനം. മൂന്ന്, നാല്, ആറ്, എഴ് തിയതികളിലും കൊവിഡ് ബാധിതരുണ്ടായിരുന്നില്ല. ഈമാസം ഇതുവരെ ആറ് പേർക്ക് മാത്രമാണ് രോഗം ബാധിച്ചത്.