തിരുവനന്തപുരം:നഗരത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 209 പേർക്കെതിരെ പൊലീസ് കേസെടുത്തു.ലോക്ക് ഡൗൺ ലംഘിച്ച 57പേർക്കെതിരെയും കേസെടുത്തു. 25 വാഹനങ്ങളും പിടിച്ചെടുത്തു. അടച്ചിട്ടിരുന്ന പാമാംകോട് നഗരാതിർത്തി വഴിയുള്ള ഗതാഗതം ഇന്നലെ പുനഃസ്ഥാപിച്ചു. പ്രവാസികളുടെ മടങ്ങിവരവിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഡി.സി.പി ആർ.കറുപ്പസ്വാമി, ശംഖുംമുഖം എ.സി.പി ഐശ്വര്യ ദോംഗ്രെ എന്നിവരുടെ നേതൃത്വത്തിൽ പൊലീസുദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഞായറാഴ്ചയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളുമായി ആദ്യ വിമാനം എത്തുന്നത്. വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.