വന്ദേഭാരത് മിഷൻ ബെഹറിൻ സംഘത്തിന് വിമാനത്താവളത്തിൽ യാത്രഅയപ്പ്
തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാൻ തയ്യാറെടുത്ത് തിരുവനന്തപുരം വിമാനത്താവളം. വിമാന ജീവനക്കാർക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും ആരോഗ്യവകുപ്പ് പരിശീലനം നൽകി. ഞായറാഴ്ചയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 177 പേരുടെ സംഘമെത്തുക. സംഘത്തെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലാഭരണകൂടവും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വന്ദേഭാരത് മിഷനായി ഇന്നലെ ബഹറിനിൽ നിന്ന് കൊച്ചിയിലേക്ക് യാത്രക്കാരെ എത്തിക്കാനുളള വിമാനം തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടത്. ഈ വിമാനത്തിലെ ജീവനക്കാർക്ക് തിരുവനന്തപുരത്ത് യാത്രഅയപ്പ് നൽകി. ആധുനിക തെർമൽ കാമറ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെയും എമിഗ്രേഷൻ അധികൃതരുടെയും പൊലീസിന്റെയുമെല്ലാം പരിശോധനകൾ പൂർത്തിയാക്കി ഓരോരുത്തരും പുറത്തിറങ്ങാൻ 40 മിനിട്ട് സമയമെടുക്കും. വിമാനത്താവളത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിലെ ആറ് താലൂക്കുകളിലായി 17,000ത്തോളം ബെഡുകളാണ് നിരീക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഗർഭിണികൾ, മുതിർന്നവർ, കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം.