തിരുവനന്തപുരം: മൂന്നുമീറ്റർ അകലെ വച്ച് തന്നെ മനുഷ്യ ശരീരത്തിന്റെ ചൂട് അറിയാനും അലാറം നൽകി അധികൃതർക്ക് മുന്നറിയിപ്പ് നൽകാനും ശേഷിയുള്ള തെർമ്മൽ ഫേസ് ഡിറ്റക്ഷൻ കാമറ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ പുലി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നാട്ടിലേക്ക് മടങ്ങിയ അതിഥിതൊഴിലാളികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി സംസ്ഥാന ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ സംഭവമായി മാറിയ നൂതന സാങ്കേതിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന കാമറയാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും ആരോഗ്യ പ്രവർത്തകർക്ക് തുണ.
ദോഹയിൽ നിന്ന് ഇന്ന് രാത്രി വിമാനമിറങ്ങുന്ന യാത്രക്കാരിൽ കൊവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള പ്രഥമ ഉപകരണമായി ഉപയോഗിക്കുന്നത് എയ്റോബ്രിഡ്ജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഫേസ് ഡിറ്റക്ഷൻ കാമറയാണ്. ശരീരത്ത് നിന്ന് പുറത്തേക്ക് വമിക്കുന്ന ചൂട് തിട്ടപ്പെടുത്താൻ ശേഷിയുള്ള തെർമൽ കാമറയായതിനാൽ മരുന്നുകൾ കഴിച്ച് ശരീരോഷ്മാവ് കുറച്ച് വന്നാലും പനിയുള്ളവരെ കണ്ടുപിടിക്കാൻ ഇതിന് കഴിയും.
ശശി തരൂർ എം.പിയാണ് വികസനഫണ്ടിൽ നിന്ന് 7.45 ലക്ഷം രൂപ മുടക്കി ഹിക്‌വിഷൻ കമ്പനിയുടെ തെർമൽ കാമറ ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ചത്. 5,60,986 രൂപയാണ് ഇതിന്റെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും ഇത് ഉപയോഗിച്ച് പരിശോധിക്കാനാകും.
നടന്നുപോകുന്ന മുഴുവൻ പേരുടെയും ചൂട് മൂന്ന് മീറ്ററോളം അകലെ സ്ഥാപിച്ചിരിക്കുന്ന ഒപ്റ്റിക്കൽ ലെൻസും തെർമൽ ലെൻസുമുളള കാമറ പിടിച്ചെടുക്കും. 38 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി ചൂട് ആയി സെറ്റ് ചെയ്യുക. ഇതിലധികം ചൂടുള്ളവർ കാമറക്ക് മുന്നിലൂടെ പോയാൽ അലാം മുഴങ്ങും. കാമറയ്ക്ക് പിന്നിൽ വച്ചിരിക്കുന്ന സ്ക്രീനിൽ നിർമിതബുദ്ധി ഉപയോഗിച്ച് കടന്നുപോകുന്ന എല്ലാവരുടെയും ചൂട് എഴുതിക്കാണിക്കും.
ചൂട് കൂടുതലുള്ളവരുടെ തെർമൽ ഇമേജിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ പ്രത്യക്ഷപ്പെടും. ഇവരെ മാത്രം മാറ്റിനിർത്തി കൂടുതൽ പരിശോധന നടത്തും. മാസ്ക് ഇല്ലാതെ യാത്ര ചെയ്യുന്നവരുണ്ടെങ്കിലും അലാറം മുഴങ്ങും. ഒരേ സമയം 15 പേരുടെ ചിത്രങ്ങളെടുക്കാം. കഴിഞ്ഞദിവസം ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലെത്തിയ രണ്ടുപേർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പഴുതടച്ച പരിശോധനാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.
സമ്പർക്കത്തിലൂടെ രോഗ പകർച്ചയുണ്ടാകാതിരിക്കാൻ സാമൂഹ്യ അകലമുൾപ്പെടെ നൂറ് ശതമാനം സുരക്ഷാ നടപടികളും വിമാനത്താവളത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രി കടകംപള്ളിസുരേന്ദ്രൻ , ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ,ശംഖുംമുഖം അസി.കമ്മിഷണർ ഐശ്വര്യഡോംഗ്രെ തുടങ്ങിയവർ മോക് ഡ്രിൽ നടത്തി സുരക്ഷാ നടപടികൾ വിലയിരുത്തിയിരുന്നു.