'അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ...' എന്ന് മഹാകവി കുമാരനാശാൻ പണ്ട് പാടിയത് ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജിയെ ഉദ്ദേശിച്ചിട്ടാണ് എന്നതിന് രണ്ട് പക്ഷമുണ്ട്. ഈ രണ്ട് പക്ഷമെന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിലേക്കെത്തുന്നത്, ഉമ്മൻ ചാണ്ടിജി പക്ഷവും രമേശ് ചെന്നിത്തലാജി പക്ഷവും എന്നാവും.കാരണം സംഗതി കോൺഗ്രസാണെങ്കിൽ അതങ്ങനെയാവണമല്ലോ.
കുമാരനാശാൻ അത് പാടിയത് മുല്ലപ്പള്ളി ഗാന്ധിയെന്നൊരാൾ ഈ ഭൂമുഖത്ത് ഉദയം ചെയ്യാനിടയുണ്ടെന്നും അന്ന് കൊവിഡെന്നോ മറ്റോ പേരായ മഹാമാരി ഇവിടെ കിടന്ന് വിലസുന്നുണ്ടാവുമെന്നും ദീർഘദർശനം ചെയ്തിട്ടാണെന്ന് കെ.പി.സി.സിയുടെ സംസ്കാരസാഹിതി കിറുകൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. പക്ഷേ ചാണ്ടി പക്ഷം ഇത് ഭൂമിയാണെന്ന് പറഞ്ഞാൽ, അല്ല ഇത് ആകാശമാണെന്ന് പറയാൻ ചെന്നിത്തലപക്ഷം വെമ്പൽ കൊള്ളാറുള്ള സവിശേഷ സാഹചര്യവും സംസ്കാരസാഹിതിയുടെ അധിപനായ ചിന്തകൻ പാലോട് രവിജി ഗാന്ധി മുന്നിൽ കണ്ടതിനാൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്ന തലക്കെട്ടിൽ ഇക്കാര്യത്തിൽ ഇവിടെ രണ്ട് പക്ഷമുണ്ടാകും എന്ന് കൂടി രേഖപ്പെടുത്തി വച്ചുവെന്ന് ചരിത്രാന്വേഷകർ മനസ്സിലാക്കുകയുണ്ടായി.
അതേതായാലും അവിടെ നിൽക്കട്ടെ. ഇന്ദിരാഭവനിൽ അടുപ്പ് പുകയാത്ത നേരമായിട്ട് കൂടി പത്താം നമ്പർ ജനപഥിൽ നിന്ന് സോണിയാജി പുറപ്പെടുവിച്ച കല്പനപ്രകാരം മാത്രമാണ് ചോമ്പാൽ ഗാന്ധി സ്വന്തം ഉള്ളം തുറന്ന് കാട്ടാൻ തയാറായത്. ആ ഉള്ളം നിറയെ കൽക്കണ്ടപ്പൊതികളായിരുന്നു. പരജീവിസ്നേഹം എന്നെല്ലാം സാഹിത്യകാരന്മാർ അതിനെ പറയും. കെ.പി.സി.സിയുടെ ആസ്ഥാന സാഹിത്യകാരന്മാരായ പന്തളം സുധാകരൻജിയും പാലോട് രവിജിയും മറ്റും അങ്ങനെ പറയാറുണ്ട്. മഹാകവി മുമ്പേ പാടിയ കാര്യം നേരത്തേ സൂചിപ്പിച്ചല്ലോ.
ആ പരജീവിസ്നേഹം ഒന്നുകൊണ്ടു മാത്രം അന്യസംസ്ഥാനത്ത് നിന്ന് വന്നിവിടെ കുടിയേറിപ്പാർത്ത തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ചെലവ് കാശ് പെട്ടിയിലാക്കി കൊടുക്കാൻ മുല്ലപ്പള്ളിജി ഡി.സി.സി പടവാളുകളോട് കല്പിച്ചു. സോണിയാജിയുടെ കല്പന തിരുവനന്തപുരത്തിരുന്ന് ഏറ്റുവാങ്ങി മുല്ലപ്പള്ളിജി പുതിയ കല്പനയാക്കി റീപ്രൊഡ്യൂസ് ചെയ്തെന്നാണ് പറയുന്നത്. അതേറ്റുവാങ്ങിയ ഡി.സി.സി പടവാളുകൾ മണ്ഡലങ്ങളിലേക്കും മണ്ഡലം പടവാളുകൾ ബ്ലോക്കുകളിലേക്കും ബ്ലോക്ക് പടവാളുകൾ താഴോട്ടും കല്പിച്ചുവെന്നാണ് ഐതിഹ്യം. കല്പനയോട് കല്പന. അതിന് കാശിന്റെ ചെലവില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
താഴെയിരിക്കുന്നവന് പിന്നെ താഴോട്ട് കല്പിക്കാൻ സ്ഥലമില്ലാത്തത് കാരണം അവൻ 'അദ്ധ്വാനി'ച്ചുണ്ടാക്കി അന്യസംസ്ഥാന തൊഴിലാളിക്കുള്ള ചെലവ്കാശ് ഒപ്പിച്ച് പിണറായി സഖാവിന്റെ കളക്ടർമാർക്ക് കൊണ്ട് കൊടുക്കാനായി ഡി.സി.സി പ്രസിഡന്റുമാരെ ഏല്പിച്ചു. അവരതും കൊണ്ട് കളക്ടർമാരെ കണ്ടപ്പോളെന്താണ് സ്ഥിതി!
മുല്ലപ്പള്ളിജിയുടെ മനസ്സിൽ കൽക്കണ്ടപ്പൊതികൾക്ക് പകരം മുള്ള്, മുരട്, മൂർഖൻ പാമ്പിനെയും കല്ല്, കരട്, കാഞ്ഞിരത്തിനെയും മാത്രം സ്ഥിരമായി കാണുന്നയാളാണ് പിണറായി സഖാവ്. അതിനാൽ സഖാവിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കേണ്ട കളക്ടർമാർ ആ ചെലവ് കാശിന് കപ്പലണ്ടി പൊതിയുന്ന കടലാസിന്റെ വില പോലും കല്പിച്ചില്ലെന്നാണ് ചോമ്പാൽ ഗാന്ധി പരിഭവിക്കുന്നത്. പിണറായി സഖാവാണെങ്കിൽ പുച്ഛിച്ച് തള്ളുകയുമാണ്. കുചേലൻ അവിൽപ്പൊതിയുമായി ശ്രീകൃഷ്ണനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം കാട്ടിയ ഔചിത്യബോധം പോലും പിണറായിസഖാവിന്റെ കളക്ടർമാർ കാട്ടാതിരുന്നത് ക്രൂരതയാണ്.
ചില മഹാമാരികൾ നാട്ടിലിറങ്ങിയാൽ അങ്ങനെയാണ്. കൊവിഡ്-19 അക്കൂട്ടത്തിൽ പെടും. ഈ മഹാമാരി വന്നേപ്പിന്നെ മനസ്സ് മനസ്സിനെ തിരിച്ചറിയാതായി. സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് മാത്രം തൽക്കാലം ക്ഷമിക്കുന്നതാവും ചോമ്പാൽഗാന്ധിക്കും നല്ലത്.
................................
- പി.എം കെയർ എന്നെല്ലാം പറയുന്നത് ഇതിനെയാണ്. പ്രധാനമന്ത്രിജി ന.മോ.ജിയുടെ ശ്രദ്ധ അത്രമാത്രമാണ് നാട്ടിലെ കുചേലർമാരുടെ കാര്യത്തിൽ. താടി നീട്ടി വളർത്തിയ ഒരു കുചേലന്റെ താടിക്ക് തീ പിടിച്ചപ്പോൾ, ഹേ മിഷ്ടർ! ഒന്ന് നിൽക്കൂ, ഞാനെന്റെ ബീഡിക്ക് തീ കൊളുത്തട്ടെ എന്ന് ന.മോ.ജി പറയുന്നത് ആ മനസ്സിന്റെ വലിപ്പമാണ് കാണിക്കുന്നത്. അല്ലെങ്കിലും 56 ഇഞ്ച് അളവുള്ള നെഞ്ചിൻകൂടിനകത്ത് കുടികൊള്ളുന്ന മനസ്സിന്റെ വലിപ്പമെത്രയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.
ഇപ്പോൾ ക്രൂഡോയിലിന്റെ വില നാട്ടുകാർക്ക് പോലും നാണക്കേടുണ്ടാക്കും വിധത്തിൽ അതിദയനീയമാം വിധം താഴോട്ട് പോയിരിക്കുകയാണെന്നാണ് പറയുന്നത്. അതിനൊരു നിലയും വിലയുമൊക്കെ ഉണ്ടായില്ലെങ്കിൽ ആർക്കാണ് നാണക്കേട്. അതുകൊണ്ട് മാത്രമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പരിധിക്കപ്പുറത്തേക്ക് താഴ്ന്ന് പോകാതെ ഇപ്പോഴത്തെ സ്റ്റാറ്റസ് നിലനിറുത്തി ഡീസൻസി കീപ്പ് ചെയ്യാൻ ന.മോ.ജി ആ എക്സൈസ് ഡ്യൂട്ടിയങ്ങോട്ട് കൂട്ടിയത്. തീരുവയെന്നൊക്കെ ആലങ്കാരികമായി പറയും. കൊവിഡ് മഹാമാരി വന്നിട്ട് നാട്ടിൽ കൃഷിക്കിറങ്ങാൻ പോയിട്ട് വെളിക്കിറങ്ങാൻ പോലുമാവാത്ത സ്ഥിതിയിലാണ് കുചേലർ എന്നാണ് വയ്പ്. അവന്റെ താടിക്ക് തീ പിടിച്ചാൽ അതിൽ നിന്ന് ബീഡിക്ക് തീ കൊളുത്തുകയല്ലാതെ എന്താണിതിനൊക്കെ ഒരു പരിഹാരം. നികുതിയിളവ് ചെയ്ത് കൊടുക്കാൻ ഇത് അംബാനിജിയോ അദാനിജിയോ ഒന്നുമല്ലല്ലോ. കുറഞ്ഞപക്ഷം ഒരു വിജയ് മല്യാജിയെങ്കിലും ആയാൽ മതിയായിരുന്നു. പി.എം കെയറും പി.എം കെയർഫണ്ടുമൊക്കെ എന്താണെന്നറിയണമെങ്കിൽ ദി കിംഗ് സിനിമയിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് കളക്ടർ പറയുമ്പോലെ സെൻസ് വേണം, സെൻസിബിലിറ്റി വേണം!
ഇ-മെയിൽ: dronar.keralakaumudi@gmail.com