തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി സഹോദരങ്ങളുടെ പുനരധിവാസത്തിനായി 'സമഗ്ര പ്രവാസി പുനരധിവാസ പദ്ധതിക്ക്' രൂപം നൽകണമെന്നും ഇതിനായി വിവിധ തലങ്ങളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഉന്നതാധികാരസമിതി രൂപീകരിക്കണമെന്നും വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിമാരുമായും പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള നിയമസഭയിലെ കക്ഷിനേതാക്കളുമായും ആശയവിനിമയം നടത്തി സമവായത്തിന്റെ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുന്നതാവും നല്ലത്.
പ്രവാസികൾ യാത്രാ ടിക്കറ്റിന് സ്വന്തമായി പണം കണ്ടെത്തേണ്ട സ്ഥിതി ഒഴിവാക്കണമായിരുന്നു. ഇറാഖ് യുദ്ധകാലത്ത് വൻതോതിൽ പ്രവാസി സമൂഹത്തെ സൗജന്യമായി അന്നത്തെ കേന്ദ്രസർക്കാർ നാട്ടിലെത്തിച്ച അനുഭവമുണ്ട്. അത്തരമൊരു നടപടിക്ക് കേന്ദ്ര സർക്കാരിൽ ഒറ്റക്കെട്ടായിട്ടുള്ള സമ്മർദ്ദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.