നെയ്യാറ്റിൻകര:പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം കുളത്തൂർ കിഴക്കൻകര മേലെപുത്തൻവീട്ടിൽ പ്രദീപിനെയാണ് (26) മാരായമുട്ടം പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പാലിയോട് ജംഗ്ഷനിൽ കാറിൽ എത്തിയ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് മാരായമുട്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പാലിയോട് വള്ളിച്ചിറയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട പെൺകുട്ടി മൊബൈൽ കൈയോടെ പിടിച്ചെടുത്തതിനെത്തുടർന്ന് ഇയാൾ ഓടിക്കളഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന പ്രതി ഒത്തുതീർപ്പിനായി പലതവണ പെൺകുട്ടി യുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഭീഷണി മുഴക്കി രക്ഷപ്പെടാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം ഒത്തുതീർപ്പിനായി ബന്ധുവായ യുവതിയുമൊത്ത് പാലിയോട് എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.