വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടത്തും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി ഗതാഗതം സ്തംഭിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് ഞാറമരം ഒടിഞ്ഞു വീണു. പിരപ്പൻകോട് കവലയിലും വലിയകട്ടയ്ക്കൽ ജംഗ്ഷനിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് സണ്ണി തടിമില്ലിൽ നിന്ന തെങ്ങ് മറിഞ്ഞു വീണു. വ്യാപാരി വ്യവസായി ടൗൺ യൂണിറ്റ് ഭാരവാഹി പൂരം ഷാജഹാന്റെ വീട്ടിലേക്കുള്ള വഴിയിൽ മരം കടപുഴകി. വാമനപുരത്തു ഇരുനില കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡ് ഇളകി സംസ്ഥാന പാതയിലേക്ക് വീണു. പല സ്ഥലത്തും മരങ്ങൾ വീണ് വൈദ്യുതി കമ്പി പൊട്ടി. പിരപ്പൻകോട് തെന്നൂർ സ്വദേശി അനിലിന്റെ കൃഷിയിടത്തിലെ 400 കുലച്ച വാഴകളാണ് കാറ്റിൽ നശിച്ചത്. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. വെഞ്ഞാറമൂട് അഗ്നിരക്ഷ സേന മണിക്കൂറുകൾ പണിപ്പെട്ട് റോഡിൽ കിടന്ന മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.