കുഴിത്തുറ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
കന്യാകുമാരി ജില്ലയിലെ ഒരു കൂട്ടം മലയാളി വിദ്യാർത്ഥികൾ തയ്യാറാക്കിയ
ഹ്രസ്വചിത്രത്തിന് തമിഴ്നാട് പൊലീസിന്റെ ആദരം. കളിയിക്കാവിളയ്ക്കടുത്ത് മീനച്ചൽ സ്വദേശി സജ്ഞയന്റെ പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ നിരഞ്ജന്റെ ആശയത്തിൽ വിരിഞ്ഞ 'റെസ്‌പെക്ട് ദ റൂൾസ് ' എന്ന ഹ്രസ്വചിത്രം, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് തമിഴ്നാട് പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഉൾപ്പെടുത്തിയത്.
മലയാളത്തിലും തമിഴിലും തയ്യാറാക്കിയ ഈ കൊവിഡ് ബോധവത്കരണ ചിത്രത്തിന് 2.40 മിനിട്ട് ദൈർഘ്യമുണ്ട്. പൂർണമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം നിരഞ്ജനും കൂട്ടുകാരായ ഗിരിധരൻ, ഹരിത, ശ്രീകാന്ത്, നന്ദന, ധീരജുമൊക്കെയാണ്.
" റോഡ് സുരക്ഷ, ഹെൽമെറ്റ് ഉപയോഗം എന്നിവ ആസ്പദമാക്കി ഇതിനു മുമ്പ് ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. അവ വൈറലായതോടെയാണ് കൊവിഡ് വ്യാപനത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിക്കാൻ പൊലീസ് ആവശ്യപ്പെട്ടത്. അതും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ ഉൾപ്പെടുത്തുകയായിരുന്നു. " നിരഞ്ജൻ പറഞ്ഞു.
ഔദ്യോഗിക ഫേസ് ബുക്ക് പേജിലും 'റെസ്‌പെക്ട് ദ റൂൾസ് ' ശ്രദ്ധേയമായതോടെ പൊലീസ് ഉദ്യോഗസ്ഥർ നിരഞ്ജനെയും കൂട്ടുകാരെയും അഭിനന്ദിക്കുകയും ചെയ്തു.