
കിളിമാനൂർ: ശക്തമായ മഴയിൽ നിർദ്ധന കുടുംബത്തിന്റെ വീട് തകർന്നു. വീട്ടിനുള്ളിൽ കുടുങ്ങിയ കിടപ്പുരോഗിയായ ഗൃഹനാഥനെയടക്കം ഫയർഫോഴ്സും നാട്ടുകാരുമെത്തിയാണ് രക്ഷപ്പെടുത്തിയത്. നഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ ദേവകൃപയിൽ ലിസിയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത്. ലിസിയും ഭർത്താവും കിടപ്പുരോഗിയുമായ തങ്കപ്പൻ, മക്കളായ രേവതി, അശ്വതി എന്നിവരാണ് ശോചനീയമായ വീട്ടിൽ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകരുകയും അകത്തെ ഭിത്തികൾ ഇടിഞ്ഞുവീഴുകയുമായിരുന്നു. 1998ൽ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടാണ് മഴയെടുത്തത്. കുടുംബത്തെ മറ്റൊരുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. ഇവർക്ക് അടിയന്തരമായി വീട് അനുവദിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.