sslc-students

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം പരീക്ഷകൾ ഉൾപ്പെടെ എല്ലാവിധ അദ്ധ്യയന പ്രവർത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. വർഷാവസാന പരീക്ഷയുടെ സമയത്താണ് മഹാമാരി കടന്നുവന്നത്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണിൽ പരീക്ഷകൾക്കും മുടക്കം വന്നു. കോടിക്കണക്കിനു വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും ഇപ്പോഴും ആശങ്കയുടെ മുൾമുനയിലാണ്. സർവകലാശാലാ പരീക്ഷകളുടെ നടത്തിപ്പു സംബന്ധിച്ച് യു.ജി.സി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗഭീഷണി ഒഴിഞ്ഞ് ജൂലായിൽ അവസാന വർഷ പരീക്ഷകൾ നടത്തിയാൽ മതിയെന്നാണു നിർദ്ദേശം. എന്നാൽ യു.ജി.സി നിർദ്ദേശം മറികടന്ന് കേരളത്തിലെ സർവകലാശാലകൾ സ്വന്തം നിലയ്ക്ക് ബിരുദ - ബിരുദാനന്തര പരീക്ഷകൾ നടത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. ലോക്ക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് സ്വന്തം വീടുകളിലേക്കു മടങ്ങിയ കുട്ടികൾ അങ്കലാപ്പിലാണ്. പൊതുഗതാഗതം എന്ന് ആരംഭിക്കുമെന്നുപോലും തീർച്ചയില്ലാതിരിക്കെ സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷ നടത്തിയാൽ എങ്ങനെ കുട്ടികൾ എത്തുമെന്നറിയില്ല. സംസ്ഥാനത്തിന്റെ നാനാഭാഗത്തുമുള്ളവർ അക്കൂട്ടത്തിലുണ്ടാകും. ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന വിഭാഗക്കാർ സ്വന്തമായി സ്ഥലം കണ്ടെത്തി താമസസൗകര്യമൊരുക്കി വേണം പരീക്ഷയ്ക്ക് കോളേജുകളിലെത്താൻ. ഇന്നത്തെ സാഹചര്യത്തിൽ ഇതൊക്കെ എത്രമാത്രം അപ്രായോഗികവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് സർവകലാശാലകൾ ചിന്തിച്ചതായി തോന്നുന്നില്ല.

കേരള സർവകലാശാല അവസാന വർഷ ബിരുദ പരീക്ഷകൾ മേയ് 21-ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം.ജി സർവകലാശാലയാകട്ടെ ബിരുദ പരീക്ഷകൾ തുടങ്ങാൻ മേയ് 26-നും പി.ജി പരീക്ഷകൾക്ക് ജൂൺ 3-നുമാണ് സമയം കുറിച്ചിരിക്കുന്നത്. അതിനകം സംസ്ഥാനത്ത് സ്ഥിതിഗതികൾ നേരെയാകുമെന്ന കണക്കുകൂട്ടലിലാകണമല്ലോ പരീക്ഷാ തീയതികൾ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനം നിയന്ത്രണാധീനമാണെങ്കിലും ഭീഷണി നിലനിൽക്കുകയാണെന്ന യാഥാർത്ഥ്യം മറക്കുന്നു. പ്രധാന നഗരങ്ങളിലെ കോളേജ് ഹോസ്റ്റലുകളൊക്കെ ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിനുള്ള കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണ്. പ്രവാസികളുടെ മടങ്ങിവരവ് കൂടുതൽ വേഗത്തിലാകുന്നതോടെ ഹോസ്റ്റലുകളും നിറഞ്ഞെന്നിരിക്കും. ദൂരദിക്കുകളിൽ നിന്ന് പരീക്ഷ എഴുതാൻ വരുന്ന കുട്ടികൾക്ക് സർവകലാശാലകൾ പകരം താമസ സൗകര്യമൊരുക്കുമെങ്കിൽ പ്രശ്നമില്ല. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടു പോലുമില്ലാത്ത സർവകലാശാലകൾ ഓടിപ്പിടിച്ച് ഇപ്പോൾ പരീക്ഷ നടത്താനൊരുങ്ങുന്നതിനു പിന്നിലെ ഔചിത്യം മനസിലാകുന്നില്ല. സർക്കാരിന്റെ അനുമതി വാങ്ങിയാകുമല്ലോ പരീക്ഷയ്ക്ക് തീയതി നിശ്ചയിച്ചിരിക്കുക. സർക്കാരും ഈ ഘട്ടത്തിൽ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു ചിന്തിച്ചില്ലെന്നുണ്ടോ?

രാജ്യമൊട്ടാകെ സർവകലാശാലാ പരീക്ഷകൾ മാത്രമല്ല, പത്തും പന്ത്രണ്ടും ക്ളാസ് പരീക്ഷകൾക്കും പൂട്ടുവീണു കിടക്കവെ സംസ്ഥാനത്തെ സർവകലാശാലകൾ മാത്രം ഇത്ര തിടുക്കം കാണിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് യു.ജി.സി വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ.

കലാലയങ്ങളുടെ പുതിയ അദ്ധ്യയന വർഷം സെപ്തംബർ ഒന്നിനു തുടങ്ങാനാണ് യു.ജി.സി നിർദ്ദേശം. അതിനകം പരീക്ഷയും ഫലപ്രഖ്യാപനവുമൊക്കെ നടത്താൻ സാവകാശം ലഭിക്കും. അഥവാ കൊവിഡ് ഭീഷണി നീണ്ടുപോയാൽ തീയതികൾ ഇനിയും മാറിക്കൂടെന്നുമില്ല. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന മത്സര പരീക്ഷകൾ പോലും പലകുറി മാറ്റിവച്ചുകഴിഞ്ഞു. കേരളത്തിലെ സർവകലാശാലകൾ മാത്രമാണ് മേയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ തീർന്ന് നാലാം ദിവസം മുതൽ പരീക്ഷ നടത്താൻ ഒരുങ്ങുന്നത്. ഇതിനുള്ള സന്നാഹങ്ങൾ എത്രകണ്ട് ഒരുക്കിയിട്ടുണ്ടെന്ന് ആർക്കും അറിയില്ല. കേരള സർവകലാശാല ഇനി പത്തു ദിവസം കൊണ്ട് തയ്യാറെടുപ്പു പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷ എഴുതേണ്ട കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും നെഞ്ച് പിടയ്ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കാര്യങ്ങൾ അവധാനപൂർവം വിലയിരുത്തി വേണം ഇതുപോലുള്ള സന്ദർഭങ്ങളിൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ.

ഇടയ്ക്കുവച്ചു മുടങ്ങിപ്പോയ പത്ത് - പന്ത്രണ്ട് ക്ളാസ് പരീക്ഷകളുടെ പുതുക്കിയ തീയതി സി.ബി.എസ്.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ 15 വരെയുള്ള തീയതികളിലാകും പരീക്ഷകൾ. സംസ്ഥാനത്തു നടക്കുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി വിദേശങ്ങളിൽ നിന്നുപോലും കുട്ടികൾ വരാനുണ്ട്. മുൻപ് വിദേശത്തും പരീക്ഷാ സെന്ററുകൾ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിതി എങ്ങനെയാകുമെന്ന് നിശ്ചയമില്ല. യാത്രയ്ക്ക് കർക്കശ നിയന്ത്രണങ്ങളുള്ളതിനാൽ നാട്ടിലേക്കുള്ള വരവും പലർക്കും പ്രശ്നമാകും. ഇതിനൊക്കെ പരിഹാര മാർഗങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്.

മഹാമാരി വരുത്തിവച്ച കെടുതികളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങളും നടപടികളുമൊക്കെ അനിവാര്യമായിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാലും കുറെ മാസങ്ങൾ കൂടി സ്കൂളുകളിലും കലാലയങ്ങളിലും കർക്കശമായ നിയന്ത്രണങ്ങൾ തുടരേണ്ടിവരും. തിങ്ങിക്കൂടിയ ക്ളാസ് മുറികളും വാഹനങ്ങളുമൊക്കെ പഴങ്കഥയാകും. ഓൺലൈൻ ക്ളാസ് സമ്പ്രദായത്തെക്കുറിച്ച് വലിയ വർത്തമാനങ്ങൾ കേൾക്കാം. എന്നാൽ വിദ്യാർത്ഥികളിൽ പകുതിയോളം പേർ സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ അവർക്കുകൂടി താങ്ങാനാവുന്ന വിധത്തിലാകണം പുതിയ മാറ്റങ്ങൾ.

കുറെക്കാലം കൂടി മഹാമാരിയുടെ നിഴൽ രാജ്യത്തെ പിന്തുടരുമെന്നു തന്നെ വേണം കരുതാൻ. അതിനെ നേരിടാനുള്ള പ്രായോഗിക വഴികളെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ഒന്നും അസാദ്ധ്യമല്ലാത്തതിനാൽ എല്ലാറ്റിനും പ്രായോഗിക പരിഹാരം കണ്ടെത്താനും മനുഷ്യനു സാധിക്കും. അതിനു വേണ്ട സമചിത്തതയും ബുദ്ധിയും ഉണ്ടാകണമെന്നു മാത്രം.