തിരുവനന്തപുരം: ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തെ 104 കേന്ദ്രങ്ങളിൽ ഈ മാസം 13ന് ആരംഭിക്കും. കൊവിഡ് പ്രതിരാേധ മുൻകരുതലുകൾ ഉറപ്പാക്കിയാണ് അദ്ധ്യാപകരെ നിയോഗിക്കുന്നത്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അണുവിമുക്തമാക്കിത്തുടങ്ങി. എല്ലാ ജില്ലകളിലും ക്യാമ്പുണ്ട്.
സന്നദ്ധരായ അദ്ധ്യാപകർ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി നിർദേശിച്ചു. സൗകര്യപ്രദമായ കേന്ദ്രത്തിലായിരിക്കും ഡ്യൂട്ടി. സ്വന്തം വാഹനത്തിൽ എത്താൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ വകുപ്പ് യാത്രാ സൗകര്യം ഒരുക്കും. സാനിടൈസർ, മാസ്കുകൾ, ഗ്ലൗസുകൾ തുടങ്ങിയവ എല്ലാ മൂല്യ നിർണയ ക്യാമ്പുകളിലും ഉറപ്പാക്കും. സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചിൽ രണ്ട് അദ്ധ്യാപകർ മാത്രമായിരിക്കും.
ജൂൺ അവസാന വാരം ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം ലോക്ക് ഡൗണിനുശേഷം ആരംഭിക്കും.
പ്രതികരണം
മൂല്യ നിർണയത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിൽ എത്താൻ കഴിയുന്ന അദ്ധ്യാപകരെ നിയോഗിക്കും. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് കൂടുതൽ അദ്ധ്യാപകരെ എത്തിക്കും.
കെ.ജീവൻ ബാബു
പൊതു വിദ്യാഭ്യാസ ഡയറക്ടർ