കിളിമാനൂർ: ലോക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ചുരുണ്ടുകൂടാനൊന്നും അടയമൺ മുരളീധരൻ തയ്യാറല്ല. തെങ്ങ്, റബ്ബർ, വാഴ കൃഷികൾക്കൊപ്പം ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്തെ പറമ്പിൽ പച്ചക്കറി കൃഷിയിലും ഇവയുടെ വിത്തുകൾ ഗ്രാമീണർക്ക് സൗജന്യമായി നൽകുന്നതിലും പ്രവാസി മലയാളിയായ മുരളീധരൻ തിരക്കിലാണ്. കാൽനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ അടയമൺ തിരുവാതിരയിൽ അടയമൺ മുരളിധരൻ തന്റെ സമ്പാദ്യം നെൽ, തെങ്ങ്, റബർ, വാഴ തുടങ്ങിയ കൃഷികൾക്കായി വിനിയോഗിക്കുകയായിരുന്നു. അടയമൺ പാടശേഖര സമിതിയുടെ സെക്രട്ടറിയായ ഇദ്ദേഹം തരിശ് നിലങ്ങൾ കൃഷിയിറക്കുന്നതിന് കർഷകർക്ക് ഏറെ പ്രചോദനമേകി. തരിശ് നിലമുൾപ്പെടെ 12 ഏക്കറോളം പാടത്ത് പൊന്ന് വിളയിക്കാൻ മുരളിയുടെ പ്രവർത്തനം കാരണമായി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റുമായ ഇദ്ദേഹം സാമൂഹ്യ സേവന രംഗത്തും നേതൃത്വം നൽകുന്നുണ്ട്. എസ്.എൻ. ട്രസ്റ്റ് അംഗവും എസ്.എൻ.ഡി.പി അടയമൺ ശാഖാ പ്രസിഡന്റുമാണ്. ലോക്ക്ൺ ഡൗൺ കാലത്ത് 50 സെന്റ് സ്ഥലത്ത് തക്കാളി, പച്ചമുളക്, വഴുതന, ചീര, പാവൽ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഒട്ടു പ്ലാവ്, ഒട്ടുമാവ്, റംബൂട്ടാൻ, മുള്ളാത്തി തുടങ്ങി നിരവധി ഫല വൃക്ഷങ്ങളും തന്റെ കൃഷിയിടത്തിൽ പച്ചപ്പായുണ്ട്.