nurses-day

ഉദാത്തവും ഉജ്ജ്വലവുമായ ഒരു ജനനത്തിന്റെ ഊഷ്മളമായ ഓർമ്മപ്പെടുത്തലാണ് നഴ്സസ് ദിനം. 200 വർഷം മുമ്പ് ഇതേ ദിനത്തിൽ ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ബ്രിട്ടീഷ് ദമ്പതികളായ വില്യം എഡ്വേർഡിനും ഫ്രാൻസിസ് നീ സ്മിത്തിനും ഫ്ളോറൻസ് നൈറ്റിംഗേൽ എന്ന, മാലാഖമാരുടെ മാലാഖയായ മകൾ ജനിച്ചു. പതിനാറാം വയസിൽ ആതുരശുശ്രൂഷാ രംഗത്തു പ്രവേശിച്ച ഈ കുട്ടി കാലക്രമത്തിൽ ആതുരശുശ്രൂഷയിലുള്ള പ്രതിജ്ഞാബദ്ധതയുടെയും അറിവിന്റെയും കഴിവിന്റെയും ആത്മാർത്ഥതയുടെയും മികവിൽ ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയും വഴികാട്ടിയുമായി. 'വിളക്കേന്തിയ വനിത എന്ന് ഇന്നറി​യപ്പെടുന്ന നൈറ്റിംഗേലി​ന്റെ ജന്മദി​നമാണ് നഴ്‌സിംഗ് ദി​നമായി​ ആചരി​ക്കുന്നത്.

ആഗോളതലത്തി​ൽ നഴ്സിംഗ് തൊഴി​ലി​ന് വലി​യ അംഗീകാരവും വേതനവും ലഭി​ക്കുന്നുണ്ടെങ്കി​ലും നമ്മുടെ രാജ്യത്ത് നഴ്‌സുമാർക്ക് അർഹമായ പരി​ഗണനയോ വേതനമോ ലഭി​ക്കുന്നുണ്ടോ എന്ന് സംശയം. നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി​യി​ൽ, പ്രത്യേകി​ച്ച് സ്വകാര്യ മേഖലയി​ൽ പ്രവേശി​ക്കുന്നവർ, അവരുടെ സേവന- വേതന വ്യവസ്ഥകളി​ൽ തീരെ സംതൃപ്തരല്ല. ഉത്തരവാദപ്പെട്ട നിരവധി ജോലികൾ ഒരേസമയം നിർവഹിക്കാൻ ബാദ്ധ്യതയുള്ളവരാണ് നഴ്‌സുമാർ. അപരന്റെ സുഖമാണ് അവനവന്റെയും സുഖമായിരിക്കേണ്ടത് എന്ന തത്വം അക്ഷരംപ്രതി പാലിക്കുന്ന മഹാമനസ്കതയുടെയും സഹനശക്തിയുടെയും ഉടമകളാണ് ഇവർ.

ഒരു ഭീകര വൈറസ് വിതച്ച മഹാമാരിയാൽ ലോകമാകെ ഭയന്നുവിറച്ച്, ബഹുഭൂരിപക്ഷം ജനങ്ങളും വീടിനുള്ളിൽ കഴിയുവാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ശുചിത്വപാലകർ തുടങ്ങിയവരുടെ സേവനങ്ങളെ ഏറെ പ്രകീർത്തിക്കേണ്ടതാണ്. ഒരു ബട്ടൺ അമർത്തിയാൽ ലോകം ഭസ്മമാകുമെന്ന് വീമ്പിളക്കിയവർ, ലോകത്തെയാകെ വരുതിയിൽ കൊണ്ടുവരുവാൻ വെമ്പൽ പൂണ്ടവർ ഒരു പ്രതിരോധവുമില്ലാതെ ഒരു അതിസൂക്ഷ്മ ജീവിയുടെ ആക്രമണത്താൽ ഭയന്നു വിറയ്ക്കുന്നു. ഇത്രയും ഭീതിദവും ഭീകരവുമായ ഒരവസ്ഥയിൽ, മനസിൽ ആദ്യം വരുന്ന, ഏറ്റവും വ്യസനമുണ്ടാക്കുന്നതും ദീനാനുകമ്പ ഉളവാക്കുന്നതുമായ ചിന്ത, കൊറോണ ബാധിച്ചവരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാർ തന്നെയാണ്.

ദീർഘ മണിക്കൂറുകളിലെ ദുഷ്‌കരമായ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വന്തം പിഞ്ചുകുഞ്ഞിനെ ഒന്നു ലാളിക്കാനോ വാരിപ്പുണരാനോ പോലും കഴിയാത്ത അതിദയനീയാവസ്ഥ. നിരവധി മാനസിക പ്രയാസങ്ങളുണ്ടെങ്കിലും ജോലിയിൽ പ്രവേശിച്ചാൽ എല്ലാം മറന്ന്, മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ചുമതലയിലാണ് നഴ്‌സുമാർ. ലോകത്തിലെ എല്ലാ നഴ്‌സുമാർക്കും, പ്രത്യേകിച്ച് കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ നഴ്‌‌സുമാർക്കും കൂപ്പുകൈ.