covid-19

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് പുതിയ ആശങ്കയ്ക്ക് വഴി തുറന്നു. വരും ദിനങ്ങൾ നിർണായകമാണ്. നാട്ടിലെത്തി 48 മണിക്കൂറിനുള്ളിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്. വിമാനത്തിൽ കയറ്റുന്നതിന് മുൻപ് നടത്തുന്ന പരിശോധനകൾ ഫലപ്രദമല്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. വിമാനത്തിൽ അടച്ചിട്ട യാത്രയായതിനാൽ വൈറസ് വ്യാപനത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഇരുവരും സഞ്ചരിച്ച വിമാനങ്ങളിലായി 363 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടുന്നു.

വിമാനത്തിൽ കയറുന്നതിന് മുൻപ്, ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുന്നത് ഉൾപ്പെടെ പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്. ഇത് ഫലപ്രദമല്ല. പി.സി.ആർ ടെസ്റ്റ് നടത്തിയ ശേഷം കൊണ്ടു വന്നാലേ സാഹചര്യത്തിന് മാറ്റമുണ്ടാകൂ.


പരിശോധന അടുത്തയാഴ്ച

നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസികളുടെ സാമ്പിളുകൾ അടുത്ത ആഴ്ച മുതൽ പരിശോധിക്കും. നാട്ടിലെത്തി ഏഴാം ദിവസമാണ് പി.സി.ആർ ടെസ്റ്റിന് സാമ്പിൾ ശേഖരിക്കുന്നത്. ആദ്യ വിമാനമെത്തിയത് വ്യാഴാഴ്ചയാണ്. നെഗറ്റീവാകുന്നവരെ വീട്ടിലേക്ക് അയയ്ക്കും. ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് നിരീക്ഷണം തുടരണം