വർക്കല: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെട്ട വർക്കല പാപനാശത്തെ വിനോദസഞ്ചാര മേഖല എല്ലാകാലത്തും സജീവമായിരുന്നു. ലോക്ക് ഡൗണിന്റെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ ഈ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചവർക്ക് നിരാശമാത്രം. പാപനാശത്ത് വിനോദ സഞ്ചാരിയായി എത്തിയ ഇറ്റലി സ്വദേശിയായ റോബോട്ടെ ടൊണോസൊ (57) ക്ക് മാർച്ച് 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാപനാശത്തെ ടൂറിസം മേഖല സ്തംഭനാവസ്ഥയിലായി.
ടൂറിസവുമായി ബന്ധപ്പെട്ട് ജീവിതം പടുത്തുയർത്തുന്ന ഒരുപാട് പേരുണ്ട് ഇവിടെ. ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ഇവരുടെയെല്ലാം സ്വപ്നം അസ്ഥാനത്തായി. പലർക്കും നാട്ടിലേക്ക് തിരികെ പോകാനും കഴിഞ്ഞില്ല. ഉറ്റവർ മരണപ്പെട്ടപ്പോഴും ഒരു നോക്ക് കാണാൻപോലും കഴിയാതെ കഴിയുന്നവരും ഇവിടെയുണ്ട്.
സ്ഥലവും കെട്ടിടവും വാടകയ്ക്കെടുത്താണ് ഭൂരിഭാഗം പേരും സ്ഥാപനങ്ങൾ നടത്തുന്നത്. പലരും കടക്കെണിയിലുമാണ്. പുതിയ സീസണിലും തുടക്കത്തിൽ ബിസിനസുകൾ നഷ്ടമില്ലാതെ മുന്നോട്ടു നടന്നു കൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായി കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്. ബിസിനസിൽ പ്രതീക്ഷ അർപ്പിച്ച സ്ഥാപന ഉടമകൾ പലരും ഇന്ന് കടക്കെണിയിലാണ്. ആളും തിരക്കും ഇല്ലാതെ പാപനാശം ഇന്ന് തീർത്തും വിജനമാണ്.
നിലവിൽ വിദേശികളും അന്യസംസ്ഥാന കച്ചവടക്കാരുമായി 1500 ഓളം പേർ പാപനാശത്ത് വിവിധ ഇടങ്ങളിലായി തങ്ങുന്നുണ്ട്. ഇവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിൽ തുടരുകയാണ്. കടക്കെണിയിലായ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കച്ചടക്കാരുടെ ആവശ്യം.