വെമ്പായം: ഉണരാതെ സ്കൂൾ വിപണി. ലോക്ക് ഡൗണിലും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം എന്ന അനുമതി ലഭിച്ചതിനെ തുടർന്ന് സ്കൂൾ വിപണി ലക്ഷ്യമാക്കി പ്രതിക്ഷയോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന വ്യാപാരികൾ ആശങ്കയിലാണ്. സ്കൂൾ എന്ന് തുറക്കും എന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദ്യാർത്ഥികൾക്ക് വേണ്ട അവശ്യ സാധനങ്ങൾ വാങ്ങി വയ്ക്കണമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം വ്യാപാരികൾ. സ്കൂൾ തുറപ്പ് ലക്ഷ്യമാക്കി കടം വാങ്ങിയും, ലോൺ എടുത്തും സാധനങ്ങൾ വാങ്ങി കടകളിൽ നിക്ഷേപിച്ചവർ ഇത് എങ്ങനെ വിറ്റഴിയും എന്ന ആശങ്കയിലാണ്. ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസത്തോളം കടകൾ അടച്ചിട്ടതിനെ തുടർന്ന് കട വാടക, കറണ്ട് ചാർജ്, ബാങ്ക് ലോൺ തുടങ്ങിയവ വീട്ടുന്നതിനുള്ള ഒരു മാർഗം കൂടിയായിരുന്നു സ്കൂൾ തുറക്കൽ.
കഴിഞ്ഞ വർഷം പ്രളയം ആയിരുന്നിട്ടും സ്കൂൾ യഥാ സമയം തുറന്നത് കാരണം കച്ചവടത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് സമസ്ത മേഖലയെയും ബാധിച്ചത് കച്ചവടത്തെ ബാധിക്കും എന്നും ഇവർ പറയുന്നു. സ്കൂൾ കുട്ടികൾ മുതൽ കോളേജ് തലം വരെയുള്ളവരെ ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബാഗുകളും കുടകളും ഒക്കെ കരുതിയിരിക്കുകയാണ് വ്യാപാരികൾ. സ്കൂൾ കുട്ടികളാണ് വ്യത്യസ്ത തരത്തിലുള്ള ബാഗുകളുടെയും കുടകളുടെയും ആവശ്യക്കാർ. കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറയും, ബുജിയും ഒക്കെ ബാഗുകളിലും കുടകളിലും താരങ്ങളാകുന്നു. മുതിർന്നവർ ബ്രാൻഡഡ് ഉല്പന്നങ്ങളാണ് വാങ്ങുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം സജീവമായിരുന്ന സ്കൂൾ വിപണി ഇപ്പോൾ ഉണർന്നിട്ട് പോലും ഇല്ല. സ്കൂൾ തുറക്കുന്ന തീയതിയും കാത്ത് പ്രതീക്ഷ വറ്റാതെ കാത്തിരിക്കുകയാണ് വ്യാപാരികൾ.