general

ബാലരാമപുരം: പ്ലംബിംഗ് സാമഗ്രികൾ കൊണ്ട് കൊവി‌ഡ് പ്രതിരോധ ഹാൻഡ് വാഷ് വാട്ടർ സ്വിച്ചെന്ന നൂതന യന്ത്രം നിർമ്മിച്ച അന്തിയൂർ സ്വദേശിയായ യുവാവ് നാട്ടുകാരുടെ കൈയടി നേടുന്നു. അമ്പിലിയോട്ടു മേലെ പുത്തൻവീട്ടിൽ ശ്രീജിത്താണ് വീട് പണി പൂർത്തിയാക്കി ബാക്കി വന്ന പ്ലംബിംഗ് കുഴലുകൾ ഉപയോഗിച്ച് കൈകഴുകുന്ന യന്ത്രം നിർമ്മിച്ചിരിക്കുന്നത്. ഓവർ ഹെഡ് ടാങ്ക് വഴി വാട്ടർ അതോറിട്ടി പൈപ്പ് കണക്ഷൻ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് സമാനമാണ് ഇതിന്റെ പ്രവർത്തനവും. ഓവർ ഹെഡ് ടാങ്കിന്റെ മാതൃകയിൽ മുകളിലായി ബക്കറ്റിൽ വെള്ളം ശേഖരിക്കും. തൊട്ട് താഴെ സാനിറ്റൈസറും. ഏറ്റവും താഴെ സ്ഥാപിച്ചിരിക്കുന്ന തടിക്കഷ്ണം സ്വിച്ചിന്റെ മാതൃകയിലാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. ഒന്ന് ഹാൻഡ് വാഷ് സ്വിച്ചും സമീപം വാട്ടർ സ്വിച്ചും. ആദ്യത്തേതിൽ ചെറുതായിട്ട് കാലൊന്ന് അമർത്തിയാൽ സാനിറ്റൈസർ വരും. ഇത് കൈയിൽ പുരട്ടിയതിനുശേഷം രണ്ടാമത്തെ സ്വിച്ചിൽ കാലമർത്തുമ്പോൾ 20 സെക്കന്റ് വരെ ചെറിയതോതിൽ കൈകഴുകാനുള്ള വെള്ളമെത്തും. വീണ്ടും കാലമർത്തുമ്പോൾ വെള്ളമൊഴുക്ക് നിലച്ച് യന്ത്രം പൂർവസ്ഥിതിയിലാകും. നാലായിരം രൂപയാണ് ആകെ നിർമ്മാണ ചെലവ്. പരീക്ഷണാർത്ഥം രൂപകല്പന ചെയ്ത വളരെ ചെലവ് കുറഞ്ഞ യന്ത്രം നാട്ടുകാർക്ക് ഉപയോഗപ്രദമാകുമെന്ന് കണ്ട് ബാലരാമപുരം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ആ‍ർ.എം.ബിജുവിന് കൈമാറുകയായിരുന്നു. വീടിനോട് ചേർന്ന് കോഴിഫാം പരിപാലനത്തോടൊപ്പം ആട്ടോറിക്ഷ ഓടിച്ചുമാണ് ശ്രീജിത്ത് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. യന്ത്രത്തിന്റെ ഉദ്ഘാടനം അഡ്വ. എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ആർ.എം.ബിജു,​ ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ,​ സ്റ്റാഫ് ഹെൽത്ത് നഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.