കാട്ടാക്കട: ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറി തുടങ്ങി നാം ഉപയോഗിക്കുന്ന ആവശ്യസാധനങ്ങൾക്ക് നാം ആശ്രയിക്കുന്നത് അന്യസംസ്താനങ്ങളെയാണ്. നിലവിൽ കൊവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും ഇത്തരം വസ്ഥുക്കളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻവേണ്ടി കാട്ടാക്കട നിയോജക മണ്ഡലത്തിൽ ജൈവസമൃദ്ധി പദ്ധിത വ്യാപിപ്പിക്കും. ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിലും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിലും സ്വയം പര്യാപതത പുലർത്തുക എന്നതാണ് ലക്ഷ്യം. ദീർഘകാലത്തേക്ക് ഭക്ഷണവും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികളിൽ ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മുട്ടക്കോഴി, മത്സ്യക്കൃഷി, പാൽ തുടങ്ങി വിവിധതരം ഭക്ഷ്യ ഉത്പന്നങ്ങൾ ഇതിൽപ്പെടും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ തരിശുഭൂമികളിൽ കൃഷി ആരംഭിക്കും. ഒപ്പം അടുക്കളത്തോട്ടം, മട്ടുപ്പാവിലെ കൃഷി, കമ്മ്യൂണിറ്റി പ്രോജക്ടുകൾ എന്നിവ ഉൾപ്പടെയുള്ള എല്ലാ വഴികളും തേടാനാണ് ശ്രമം. കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് ആന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ കൂടുതൽ ധാന്യങ്ങൾ, കിഴങ്ങ് വർഗങ്ങൾ, മരച്ചിനി, വിവിധയിനം വാഴപ്പഴം എന്നിവ ഉത്പാദിപ്പിക്കാനാണ് ശ്രമം. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി,ഒപ്പം പദ്ധതികളുടെ സംയോജിത തുടർപ്രവർത്തനമെന്ന നിലക്ക് തുടക്കംകുറിച്ച ജൈവസമൃദ്ധി പദ്ധതി ശക്തിപ്പെടുത്തി മണ്ഡലത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്കു എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആക്കം കൂട്ടുന്നത്.
കൃഷിയിറക്കാത്ത പാടങ്ങൾ, കാടുകയറിയ വസ്ഥു, വിവിധ വകുപ്പുകളുടെ പുറംപോക്ക് ഭുമി എന്നിവയുടെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ കണ്ടെത്തിയത് 450 ഹെക്ടർ തരിശുഭൂമിയാണ്. ഇവിടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ആദ്യപടിയായി റവന്യു- കൃഷിവകുപ്പ്- പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മുഴുവൻ തരിശുഭൂമികളും തിട്ടപ്പെടുത്തും. കുടുംബശ്രീ, കർഷക കൂട്ടായ്മകൾ, വ്യക്തികൾ എന്നിവർക്ക് ആവശ്യാനുസരണം വസ്ഥു വിട്ടുനൽകും. കൃഷിക്കായുള്ള വിത്തും സാങ്കേതിക സഹായവും കൃഷിവകുപ്പ് നൽകും. ഒപ്പം സാമ്പത്തിക സഹായവും കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കാനും സഹകരണ ബാങ്കുകൾ സംവിധാനമൊരുക്കും.
സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലായിരിക്കും പദ്ധതി നിർവ്വഹണം. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ വാർഡിലും നിലവിലുള്ള ഗ്രൂപ്പുകൾക്ക് പുറമെ ആവശ്യമെങ്കിൽ പുതിയ കാർഷിക ഗ്രൂപ്പുകൾ കൂടി രൂപീകരിക്കും. കൃഷി സംബന്ധിച്ച് മുൻകൂട്ടി കലണ്ടർ തയാറാക്കും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേമം ബ്ലോക്ക് ഓഫീസിൽ കാട്ടാക്കട മണ്ഡലത്തിലെ ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, കൃഷി വകുപ്പ് അസി. ഡയറക്ടർ, കൃഷി ഓഫീസർമാർ, വെറ്റിനറി ഡോക്ടർമാർ, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വകുപ്പ്, ഫിഷറീസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് എഞ്ചിനിയർമാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ മണ്ഡലതല യോഗം നടന്നു. വാർഡിൽ ഗ്രാമ പഞ്ചായത്തംഗം, സഹകരണ ബോർഡംഗം, കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ, കൃഷി അസിസ്റ്റന്റ് എന്നിവരടങ്ങുന്ന സമിതിയായിരിക്കും വാർഡിലെ കർഷകരെ കണ്ടെത്തുന്നത്.
യോഗം പൂർത്തിയാകുന്നതോടെ കൃഷിയോഗ്യമായ സ്ഥലം, ആവശ്യമായ വിത്ത്, ലഭ്യമാക്കേണ്ട മനുഷ്യാദ്ധ്വാനം ഇവ സംബന്ധിച്ച കൃത്യമായ ധാരണ രൂപീകരിക്കും. തുടർന്ന് 25 മുതൽ 30 വരെ എല്ലാ വാർഡുകളിലും വ്യാപകമായ കൃഷി ആരംഭിക്കും.