മുടപുരം: ലോക്ക് ഡൗൺ കാരണം ഗോഡൗണുകൾ ഉൾപ്പെടെ ഒന്നര മാസത്തോളം അടഞ്ഞു കിടന്നതിനാൽ

ആവശ്യത്തിന് കാലിത്തീറ്റ ലഭിക്കാത്തതും കാലിത്തീറ്റക്ക് വൻ വിലക്കയറ്റമുണ്ടായതും ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി. ഗ്രാമപ്രദേശത്തെ കടകളിൽ കാലിത്തീറ്റ എത്താതിരുന്നതിനാൽ കർഷകർക്ക് അമിത യാത്രാക്കൂലി മുടക്കി ദൂരെ സ്ഥലങ്ങളിൽ പോയി വാങ്ങേണ്ടി വന്നു. ക്ഷീര സംഘങ്ങളിൽ പോലും കാലിത്തീറ്റ കർഷകർക്ക് ആവശ്യത്തിന് ലഭിച്ചിരുന്നില്ല. കാലിത്തീറ്റ കിട്ടാതിരുന്നതിനാൽ കർഷകർക്ക് ലഭിക്കേണ്ടിയിരുന്ന പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞതായും അവർ പറയുന്നു. അഴൂർ പഞ്ചായത്തിൽ തന്നെ നൂറുകണക്കിന് കർഷകർ ഇത്തരത്തിലുണ്ട്. വായ്പയും മറ്റും എടുത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലരും ഇപ്പോൾ ദുരിതത്തിലാണ്. ഇതിനു പുറമെ ക്ഷേമനിധിയിൽ നിന്ന് ക്ഷീര സംഘം വഴി വിതരണം ചെയ്ത ധനസഹായത്തെ കുറിച്ചും കർഷകർക്ക് പരാതിയുണ്ട്. മാർച്ച് 1 മുതൽ 20 വരെ ക്ഷീര സംഘത്തിൽ അളന്ന പാലിന്റെ അളവ് മാനദണ്ഡമായി എടുത്താണ് ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മാത്രം ധനസഹായം നൽകിയതെന്നാണ് പരാതി. പരമാവധി 1000 രൂപ വരെയാണ് നൽകിയത്. ക്ഷേമനിധിയിൽ അംഗമല്ലെങ്കിലും ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന എല്ലാ ക്ഷീര കർഷകർക്കും 1000 രൂപ വീതം സഹായധനം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. 60 വയസ് കഴിഞ്ഞ ക്ഷീരകർഷകർക്ക് അവർ ക്ഷേമനിധിയിൽ അടച്ച അംശാദായം തിരികെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.