nigeria-

തിരുവനന്തപുരം: നൈജീരിയയിലെ 800 മലയാളികളാണ് നോർക്ക വഴി രജിസ്റ്റർ ചെയ്ത് ജന്മനാട്ടിലേക്ക് മടങ്ങാൻ അനുമതി കാത്തിരിക്കുന്നത്.

എന്നാൽ, സർക്കാരും നൈജീരിയിലെ ആഭ്യന്തര മന്ത്രാലയവും മതിയായ ആശയ വിനിമയം നടത്തുന്നില്ലെന്നാണ് അവർ ആരോപിക്കുന്നത്.

കൊവിഡ് കാരണം നൈജീരിയയിലെ

സാഹചര്യം ദിവസേന വഷളായിക്കൊണ്ടിരിക്കുകയാണ്. മടങ്ങാൻ വൈകിയാൽ ജീവനുപോലും ഭീഷണിയാകുന്ന സാഹചര്യമാണെന്ന് മലയാളികൾ പറയുന്നു. നൈജീരിയയിലെ ലാഗോസിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 20 ഇന്ത്യക്കാർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമവും മോഷണവും വർദ്ധിച്ചതിനാൽ കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു.

ഇതോടെ സാമൂഹ്യ അകലം പാലിക്കാതെയും യാതൊരു മുൻകരുതലുമില്ലാതെയുമാണ് ഇപ്പോൾ ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത്. ഇത് കൊവിഡിന്റെ സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമെന്ന പേടിയിലാണ് ജനങ്ങൾ. ലാഗോസ്, അബുജ, കാനോ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മലയാളികൾ കൂടുതലായി ജോലി ചെയ്യുന്നത്. കാനോയിൽ കഴിഞ്ഞയാഴ്ച 'നിഗൂഢ രോഗം പിടിപെട്ട് മരിച്ചു' എന്ന പേരിൽ ആയിരത്തിലധികം ആളുകളെ കൂട്ട ശവസംസ്‌കാരം നടത്തിയിരുന്നു. എത്രയും വേഗം നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ ജീവൻ തന്നെ ഭീഷണിയിലാണെന്ന് അവർ പറയുന്നു.