കോവളം: ലോക്ക് ഡൗണിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾ സഹപാഠികൾക്കും പ്രദേശത്ത് മാസ്ക്ക് ലഭിക്കാത്തവർക്കും തുണി മാസ്കുകൾ വീട്ടിലിരുന്ന് തയ്യാറാക്കുകയാണ് വെങ്ങാനൂരിലെ അഷ്ടപതി സ്‌കൂൾ ഓഫ് മൂസിക്കിലെ നൂറോളം വിദ്യാർത്ഥികൾ. സ്‌കൂളിന്റെ ഡയറക്ടർ മണിമല ഡി. സതീദേവി ഓരോ ദിവസവും വീട്ടിലിരുന്ന് ചെയ്യുവാൻ വേണ്ടി മാസ്ക് നിർമ്മാണത്തിനുള്ള രീതികളും മറ്റു നിർദ്ദേശങ്ങളും വാട്സ് ആപ് ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകും. തയ്യൽ മെഷീൻ ഉള്ള വിദ്യാർത്ഥികൾ മാസ്ക് തയ്യാറാക്കും. ബാക്കിയുള്ളവർ തുണികൾ വെട്ടിയൊരുക്കുകയും കെട്ടാനുള്ള ചരട് തയ്യാറാക്കുകയും ചെയ്യും. കോട്ടൺ തുണിയാണ് ഇതിന് ഉപയോഗിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് മാസ്ക് നിർമ്മാണം. വിഴിഞ്ഞം പൊലീസിന്റെ പരിധിയിലുള്ളവർക്ക് സൗജന്യമായി നൽകുന്നതിന് രണ്ടായിരത്തോളം മാസ്കുകളും തയ്യാറാക്കി. ഒപ്പം കവിതകൾ, കഥകൾ എന്നിവ എഴുതുവാനും ചിത്രങ്ങൾ വരയ്ക്കുവാനും കൂടാതെ വാദ്യോപകരണങ്ങൾ, ഗാനങ്ങൾ, നൃത്തങ്ങൾ, രോഗപ്രതിരോധത്തിന് വീട്ടിൽ ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളും വീഡിയോയിലൂടെ മറ്റുള്ളവരുടെ മുന്നിൽ വിദ്യാർത്ഥികൾ എത്തിക്കുന്നു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം കുട്ടികളിലൂടെ മാസ്ക് തയ്യാറാക്കലും കലാസാഹിത്യവാസനകളും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയൊരു മാർഗ്ഗം കണ്ടെത്തിയത് സ്ഥാപനത്തിന്റെ ഡയറക്ടർ തന്നെയാണ്. ഇതിനോടകം വിദ്യാർത്ഥികളുടെ സഹായത്തോടെ ഒരു ലോക്ക് ഡൗൺ ഡയറിയും പൂർത്തിയാക്കി. വിദ്യാർത്ഥികൾ മൊബൈൽ ഗെയിമിൽ കുടുങ്ങിപോകാതേയും മാനസിക സമ്മർദ്ദത്തിലാകാതേയും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വളരെ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നത്.