നെടുമങ്ങാട്: തലസ്ഥാന ജില്ലയുടെ കുടിനീർവാഹിനിയായ അരുവിക്കര ഡാമിന്റെ സംഭരണശേഷി ഉയർത്താനുള്ള നടപടികൾ കൊവിഡിൽ കുരുങ്ങി. മണ്ണും എക്കലും മാലിന്യവും നീക്കം ചെയ്യാൻ ജല അതോറിട്ടി കമ്പനികളിൽ നിന്നും ക്ഷണിച്ച 'എക്സപ്രഷൻ ഓഫ് ഇന്ററസ്റ്റ്" തുടർ നടപടികളില്ലാതെ നിലച്ചു. മണ്ണും എക്കലും കോരി മാറ്റി ലാഭത്തിന്റെ നിശ്ചിത വിഹിതം ഖജനാവിൽ അടയ്ക്കുന്നതിനാണ് ജല അതോറിട്ടി അപേക്ഷ ക്ഷണിച്ചത്. രണ്ടു ദശലക്ഷം ക്യുബിക്മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ നിലവിൽ ഒരു മില്യൺ മിട്രിക് ക്യൂബ് വെള്ളം മാത്രമാണ് തടഞ്ഞു നിറുത്താൻ കഴിയുന്നത്. വേനൽ മഴയിൽ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും സംഭരിച്ചു നിറുത്താൻ കഴിയുന്നത് ആകെ നാലു ദിവസത്തെ ആവശ്യത്തിനുള്ള വെള്ളം മാത്രം. കാലവർഷത്തിൽ രണ്ടുമാസത്തിനിടെ പതിനൊന്നുവട്ടമാണ് ഡാമിലെ ഷട്ടറുകൾ ഉയർത്തിയത്. ഡാമിൽ അടിഞ്ഞുകൂടിയ കളിമണ്ണും മണലും എക്കൽമണ്ണും നീക്കി സംഭരണശേഷി കൂട്ടുമെന്ന് അടുത്തിടെ ഡാം സന്ദർശിച്ച ജലവിഭവ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് ആരംഭിച്ച പ്രവർത്തനങ്ങളാണ് കൊവിഡ് വിഴുങ്ങിയത്.
അരുവിക്കരയിലെ മൂന്നും വെള്ളയമ്പലത്തെയും നെടുമങ്ങാട്ടെയും ഓരോ ജലശുദ്ധീകരണ ശാലയിലേക്കും ഇവിടെനിന്ന് നേരിട്ടാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി എല്ലാദിവസവും 283-ദശലക്ഷം ലിറ്റർ വെള്ളം അരുവിക്കരയിൽനിന്ന് പമ്പുചെയ്യുന്നുണ്ട്. 48-ഹെക്ടർ ജലവ്യാപനപ്രദേശമുള്ള ഡാമിന്റെ ഏറിയ ഭാഗവും എക്കൽമണ്ണും മണലും പായലും അടിഞ്ഞുകൂടി കരഭൂമിയായി മാറിക്കഴിഞ്ഞതായാണ് പഠന റിപ്പോർട്ട്. ഡാം മാലിന്യമുക്തമാക്കാൻ നാലു കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ആലോചന നടത്തിയെങ്കിലും ബാദ്ധ്യതയാകുമെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് പിന്മാറിയത്. മണൽ നീക്കം ചെയ്യാൻ പരീക്ഷണാർഥം കൂവക്കുടിയിൽ നടത്തിയ ശ്രമം പാഴായതാണ് പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയാൻ ഇടയാക്കിയത്. ഇതേത്തുടർന്നാണ് 'എക്സപ്രഷൻ ഓഫ് ഇന്ററസ്റ്റ്" പദ്ധതിയിലൂടെ റിസർവോയറിൽ നിന്നു ശേഖരിക്കുന്ന മണലും കളിമണ്ണും വിറ്റ് ഇതിനുള്ള ചെലവ് കണ്ടെത്താൻ തീരുമാനിച്ചത്.
വേനൽ കടുത്തിട്ടും അപ്പർ ഡാമായ പേപ്പറഡാം ജല സമൃദ്ധമാണ്. ശുദ്ധജല സ്രോതസായ ഇവിടെനിന്നും ജൂലയ് ഒന്ന്വരെ ഉപയോഗിക്കാനുള്ള വെള്ളം ഉണ്ട്. കഴിഞ്ഞവർഷത്തെക്കാൾ കടുത്തവേനലാണ് നേരിട്ടതെങ്കിലും ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. കഴിഞ്ഞ ഒക്ടോബറിൽ മഴശക്തമായപ്പോൾ രണ്ട് തവണ ഷട്ടർ ഉയർത്തിയിരുന്നു.
ഈ മാസം വേനൽ മഴ പെയ്തതോടെ 25സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയർന്നു. മാത്രമല്ല ബോണക്കാട് അഗസ്ത്യാർകൂടം ചെമ്മുഞ്ചി മലനിരകളിൽ നിന്നും ഉത്ഭവിച്ചു ഡാമിലേക്ക് ഒഴുകി എത്തുന്ന ചെറു നദികളുംജല സമൃദ്ധമാണ്. വൈദ്യുതി ഉത്പാദനവും കാര്യക്ഷമമായി നടക്കുന്നു. ജൂൺ മാസം ആകുന്നതോടെ ഇടവപ്പാതി എത്തും. ഇടവപ്പാതി ചതിച്ചാൽ മാത്രമേകുടിവെള്ള ക്ഷാമം അനുഭവപ്പെടുകയുള്ളൂ.