തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ റെയിൽവേ തയ്യാറായി. ആദ്യ പ്രത്യേക ട്രെയിൻ ചൊവ്വാഴ്ച ഗുജറാത്തിലെ സബർമതി സ്റ്റേഷനിൽ നിന്ന് പുറപ്പെടും. പടിഞ്ഞാറൻ റെയിൽവേ അധികൃതർ ഗുജറാത്തിലെ റവന്യൂ ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. അയ്യായിരത്തോളം മലയാളികളാണ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇതിൽ ആദ്യ സംഘത്തെ ബസുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാകും യാത്ര ചെയ്യാൻ അനുവദിക്കുക. 740 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും ട്രെയിൻ സർവീസുകൾ തുടങ്ങുന്ന കാര്യം ഉത്തര, മദ്ധ്യമേഖലാ റെയിൽവേ അധികൃതുടെ പരിഗണനയിലാണ്. അവിടത്തെ സംസ്ഥാന സർക്കാരുകളുമായി പ്രാഥമിക ചർച്ചകൾ നടന്നുവെങ്കിലും എന്നു മുതൽ സർവീസ് തുടങ്ങുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ട്രെയിനുകൾ നോൺ സ്റ്റോപ്പാണ്. കേരളത്തിലെ മറ്റു സ്റ്റോപ്പുകളിൽ നിറുത്തണമെങ്കിൽ റെയിൽവേ മന്ത്രാലയം പ്രത്യേക ഉത്തരവ് ഇറക്കേണ്ടിവരും.
വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കണ്ടെത്തി റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ അതത് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണ്. അവിടത്തെ പൊലീസും ഗതാഗത വകുപ്പും ചേർന്നാണ് ഇതു ക്രമീകരിക്കേണ്ടത്. എന്നാൽ എല്ലായിടത്തും കൊവിഡ് ബാധിതരുള്ളതിനാൽ മലയാളികളെ കണ്ടെത്തി കൊണ്ടുവരാൻ എത്ര സംസ്ഥാനങ്ങൾ തയാറാകുമെന്നത് കണ്ടറിയണം. ഈ ദൗത്യം അതത് പ്രദേശത്തെ മലയാളി സംഘടനകളെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നതായിരിക്കും കൂടുതൽ ഫലപ്രദം.