k-surendran

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം വളരെ ക്രൂരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. അവരെ നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും സർക്കാർ ചെയ്യുന്നില്ല. ഇവിടെയെല്ലാം സജ്ജമാണെന്ന് പറയുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ കേരളത്തിലേക്ക് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു. അതിർത്തികളിലെത്തുന്ന മലയാളികൾക്ക് അവിടെ സൗകര്യങ്ങൾ നൽകുകയും അവിടെവച്ച് തന്നെ പാസ് നൽകുന്നതിനുള്ള സംവിധാനം ഉണ്ടാകുകയും വേണം. മുംബൈയിൽ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നിൽക്കുന്നത്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദുരിതമനുഭവിച്ച് കഴിയുകയാണ്. ഇവരെയെല്ലാം നാട്ടിലെത്തിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.