കാട്ടാക്കട: ബാങ്കിൽ പണയം വയ്‌ക്കാനായി പോയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ആര്യനാട് പറണ്ടോട്ടെ സ്വകാര്യ ഫിനാൻസിലെ ജീവനക്കാരൻ ഉഴമലയ്ക്കൽ കുളപ്പട ഏദൻ നിവാസിൽ മോഹനനെയാണ് (56) കാണാതായത്. 8ന് രാവിലെ പേരൂർക്കടയിലെ സഹകരണ സ്ഥാപനത്തിൽ പണയംവയ്ക്കാനും പണയ ഉരുപ്പടികൾ തിരികെ എടുക്കാനുമാണ് ഇയാൾ പോയത്. കാണാതാകുമ്പോൾ പണയ ഉരുപ്പടികൾ തിരികെ എടുത്ത 152 ഗ്രാം സ്വർണവും 50,000 രൂപയും കൈവശമുണ്ടായിരുന്നതായി ബന്ധുക്കൾ ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉഴമലയ്ക്കൽ സ്വദേശിയും ബന്ധുവുമായ ജയകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.