വിതുര : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിതുര താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കിറ്റുകൾ നൽകി. കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ അരുവിക്കരയുടെ കരുതൽ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ ഉപകരണങ്ങൾ നൽകിയത്. പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്, ത്രീലയർ മാസ്ക് എന്നിവയാണ് ആദ്യ ഘട്ടമായി ആശുപത്രിയിൽ എത്തിച്ചത്. ഇവ ശബരീനാഥൻ എം.എൽ.എയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.ശശി ഏറ്റുവാങ്ങി. ഇത് കൂടാതെ തൊളിക്കോട്, മലയടി, ഉഴമലയ്ക്കൽ ആശുപത്രികളിലും വിതുര പൊലീസ്, ഫയർ സ്റ്റേഷൻ ഓഫീസുകളിലും കഴിഞ്ഞ ദിവസം എം.എൽ.എ പ്രതിരോധ കിറ്റുകൾ നൽകി. നിയോജകമണ്ഡലത്തിൽ ഇതുവരെ 100 പി.പി.ഇ കിറ്റുകൾ, ആയിരം എൻ 95 മാസ്കുകൾ, പതിനായിരം ത്രീ ലയർ മാസ്കുകൾ എന്നിവയാണ് എത്തിച്ചു നൽകിയത്. ടാറ്റാ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സഹായം സമാഹരിച്ച് പുനലാൽ ഡൈൽവ്യൂ എൻ.ജി.ഒ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.