care-center

തിരുവനന്തപുരം: പ്രവാസികളെ വരവേൽക്കാൻ തയ്യാറെടുത്ത് തലസ്ഥാനം. ദോഹയിൽ നിന്നും 182 പ്രവാസികളെ വഹിച്ചുകൊണ്ടുള്ള തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനം ഇന്ന് രാത്രി 10.45ന് എത്തും. വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ക ന്യാകുമാരി ജില്ലകളിലുളളവരാണ് വിമാനത്തിലുണ്ടാവുക.

എയർപോർട്ടിലെ പരിശോധനകൾക്കു ശേഷം ഇവരെ അതത് ജില്ലയിലെത്തിച്ച് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.

ആധുനിക തെർമൽ ഇമേജിംഗ് കാമറ ഉൾപ്പെടെയുള്ള സൗകര്യങ്ങളുപയോഗിച്ചായിരിക്കും ആരോഗ്യവകുപ്പിന്റെ പരിശോധന. പരിശോധനകൾക്കായി വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുടെ ലഗേജുകളും അണുവിമുക്തമാക്കി വീടുകളിലോ ആശുപത്രികളിലോ എത്തിക്കും.എല്ലാ പരിശോധനകളും പൂർത്തിയാക്കി 40 മിനിട്ടിനകം ഓരോരുത്തർക്കും പുറത്തിറങ്ങാം. ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലെത്തിക്കാനുള്ള കെ.എസ്.ആർ.ടി.സി ബസുകളും സജ്ജമാണ്. പൊലീസ് അകമ്പടിയോടെയായിരിക്കും ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിക്കുക.

ജില്ലയിലെ ആറ് താലൂക്കുകളിലും പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ 17,000ത്തോളം പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കളക്ടർ കെ.ഗോപാലകൃഷ്ണൻ,സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ എന്നിവർ വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.