തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്ത് അവയവദാനത്തിനുള്ള ഹൃദയവുമായി സർക്കാർ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് 40 മിനിട്ടിൽ പറന്നിറങ്ങി. പൊലീസിനായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യപറക്കലായിരുന്നു ഇത്.
കിംസ് ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ അദ്ധ്യാപികയായ ലാലി ഗോപകുമാറിന്റെ (50) ഹൃദയമാണ് കൊച്ചിയിലേക്ക് പറന്നത്. ലിസി ആശുപത്രിയിൽ കോതമംഗലം സ്വദേശി ലീനയിൽ വൈകിട്ട് 6.12ന് ലാലിയുടെ ഹൃദയം മിടിച്ചുതുടങ്ങി.
ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തി ശസ്ത്രക്രിയ നടത്തി ലാലിയുടെ ഹൃദയം എടുത്തത്. 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചു. 3.10ന് ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിൽ 3.50ന് ഇറങ്ങി. അവിടെ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ലിസി ആശുപത്രിയിൽ ഹൃദയം നാല് മിനിട്ടിൽ എത്തിച്ചു.
മേയ് നാലിന് ബി.പി. കൂടി ആശുപത്രിയിൽ എത്തിച്ച ലാലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. അതിന് പിന്നാലെ അന്യൂറിസം മൂലം രക്തക്കുഴൽ പൊട്ടി രക്തസ്രാവവും സംഭവിച്ചു. അതോടെ തലച്ചോർ തകരാറിലായി. 7ന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ലാലിയുടെ ഭർത്താവ് ഗോപകുമാർ ഉള്ളൂരിൽ കോമൺ സർവീസ് സെന്റർ നടത്തുന്നു. മൂന്ന് മക്കളുണ്ട്. ഗോപിക ഗോപകുമാർ ഗൾഫിൽ നഴ്‌സാണ്. ദേവിക ഗോപകുമാർ ബി.എച്ച്.എം.എസ്. വിദ്യർത്ഥിയും ഗോപീഷ് ബി.ടെക് വിദ്യാർത്ഥിയുമാണ്.
കഴിഞ്ഞവർഷം ഹൃദയസ്തംഭനത്തെ തുടർന്നാണ് കോതമംഗലം ഭൂതത്താൻകെട്ട് ശങ്കരത്തിൽ ലീന (49) എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സതേടുന്നത്. ഹൃദയം മാറ്റിവയ്‌ക്കലല്ലാതെ വഴിയില്ലായിരുന്നു. കഴിഞ്ഞദിവസം പരിശോധനയ്‌ക്ക് ലിസിയിൽ എത്തിയപ്പോഴാണ് തിരുവനന്തപുരത്ത് ഹൃദയമുണ്ടെന്ന വിവരം ആശുപത്രിയിൽ ലഭിക്കുന്നത്. ലീനയോട് സംസാരിച്ചപ്പോൾ സമ്മതം.
നാലുമണിക്കൂറിനുള്ളിൽ ഹൃദയം കൊച്ചിയിൽ എത്തിക്കണം. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുൻ എം.പി പി. രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ഹെലികോപ്റ്റർ വിട്ടുനൽകാൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
അഞ്ച് പേർക്ക് പുതുജീവനേകി ലാലി
തിരുവനന്തപുരം പൗണ്ട്കടവ് ഗവ. എൽ.പി.എസ് അദ്ധ്യാപികയായിരുന്ന ലാലിയുടെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ അഞ്ചു പേർക്കാണ് പുതുജീവൻ നൽകുന്നത്.