തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബഡ്‌ജറ്റുകൾ കൊവിഡ് വ്യാപനത്തോടെ തികച്ചും അപ്രസക്തമായെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ബഡ്‌ജറ്റിൽ പ്രതീക്ഷിച്ച വരുമാനത്തിന്റെ പകുതിപോലും ഈ വർഷം ലഭിക്കില്ല. ചെലവുകളുടെ മുൻഗണന അടിമുടി മാറിക്കഴിഞ്ഞു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഇനി കൂടുതലും പണം ചെലവഴിക്കേണ്ടത്. 4000 കോടി രൂപ കിട്ടിയിരുന്ന കേരളത്തിൽ നികുതി ഇനത്തിൽ കഴിഞ്ഞ മാസം കിട്ടിയത് 150 കോടി മാത്രം. മേയ് കഴിയുമ്പോൾ പുതിയ ബഡ്‌ജറ്ര് അവതരിപ്പിക്കാൻ സംസ്ഥാനം നിർബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്‌ഡൗൺ തീർന്നാൽ കിഫ്ബിയുടെ ആഭിമുഖ്യത്തിൽ ചുരുങ്ങിയത് 30,000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ഈ വർഷം അത് ചുരുങ്ങിയത് 50,000 കോടി രൂപയായി ഉയർത്താനും കഴിയും.
ജി.ഡി.പിയുടെ 10 ശതമാനമെങ്കിലും വരുന്ന ഉത്തേജന പാക്കേജ് വേണമെന്ന് ഐസക് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ചെറുകിട വ്യവസായങ്ങൾക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകണം. എടുത്ത വായ്പയുടെ 20 ശതമാനം അധിക വായ്പ ബാങ്കുകൾ സംരംഭകർക്ക് നൽകണം. കൊവിഡ് കഴിയുന്നതോടെ കേരളം ടൂറിസം, ഹെൽത്ത് കെയർ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകും. ടൂറിസത്തിന് ഏറ്രവും സുരക്ഷിതമായ നാട് കേരളമാണെന്നായിരിക്കും പ്രചാരണായുധം. ആരോഗ്യമേഖലയിൽ ഫാർമസ്യൂട്ടിക്കൽ പാർക്ക്, മെഡിക്കൽ പാർക്ക് എന്നിവ ആരംഭിക്കുമെന്നും ഐസക് പറഞ്ഞു.