covid

തിരുവനന്തപുരം : ഓപ്പറേഷൻ വന്ദേ ഭാരതിൽ വ്യാഴാഴ്ച ഗൾഫിൽ നിന്ന് പ്രവാസികളുമായി എത്തിയ ആദ്യ രണ്ടു വിമാനങ്ങളിലെ ഓരോരുത്തർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം കൂടുതൽ ജാഗ്രതയിലായി.

സംസ്ഥാനത്ത് രോഗം നിയന്തണ വിധേയമായതിനിടെയാണ് ദുബായ് - കരിപ്പൂർ, അബുദാബി - കൊച്ചി വിമാനങ്ങളിൽ വന്നവർക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലക്കാരാണ് ഇരുവരും.

രോഗപ്രതിരോധത്തിന് കൂടുതൽ ശക്തമായ നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർക്കൊപ്പം വിമാനങ്ങളിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കി. ഇവരുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരെ കണ്ടെത്തി കൊവിഡ് പരിശോധനയ്ക്കും നടപടി ആരംഭിച്ചു. ഇവർ ഇപ്പോൾ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ്. വീടുകളിലേക്ക് വിട്ട ഗർഭിണികളെയും കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കും.

രോഗം സ്ഥിരീകരിച്ച കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരൻ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

വൃക്കരോഗിയായ ചാപ്പനങ്ങാടി സ്വദേശി ദുബായ് അജ്മാനിൽ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ ആണ്. തുടർ ചികിത്സയ്ക്കാണ് നാട്ടിലെത്തിയത്. നടുവട്ടം സ്വദേശി അബുദാബി മുസഫയിൽ സ്വകാര്യ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റാണ്. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന് ഇയാൾ പറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്.

ഒരാൾക്ക് രോഗ മുക്തി

ഇന്നലെ രണ്ട് കേസുകൾ ചേർത്ത് സംസ്ഥാനത്ത് ആകെ രോഗബാധിതർ 505 ആയി. അതേസമയം ഇന്നലെ ഒരാൾക്ക് കൂടി രോഗം ഭേദമായി. ഇടുക്കിയിൽ ചികിത്സയിലുള്ളയാളുടെ ഫലമാണ് നെഗറ്റീവായത്.

485: രോഗം ഭേദമായവർ

17: ആശുപത്രികളിലുള്ളത്

യാത്രച്ചെലവ് ഇടാക്കുന്നത് കേന്ദ്രം;
നാട്ടിലെ ചെലവ് സംസ്ഥാനം വക

വിദേശത്ത് നിന്ന് വരുന്നവരുടെ മുൻഗണനാക്രമം തയാറാക്കുന്നതും യാത്രാ സൗകര്യമൊരുക്കുന്നതും ചെലവ് ഈടാക്കുന്നതും കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെത്തിക്കഴിഞ്ഞാൽ ചെലവ് സംസ്ഥാനം വഹിക്കും. ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിനുൾപ്പെടെ ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ വരെ 13.45 കോടി അനുവദിച്ചു.

ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. നടപടികളുടെ ഏകോപനവും ക്വാറന്റൈൻ ഒരുക്കലും ഇവരുടെ ചുമതലയാണ്. ഒരു കേന്ദ്രത്തിന് ഒരു ഡോക്ടറെന്ന നിലയിൽ സൗകര്യമേർപ്പെടുത്തി. നിരീക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പ് തദ്ദേശ സ്ഥാപനത്തിനാണ്. മേൽനോട്ടത്തിന് ഒരു ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമുണ്ടാകും.

207

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ സർക്കാരാശുപത്രികൾ

125

ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സ്വകാര്യ ആശുപത്രികൾ