തിരുവനന്തപുരം: 'മൃതസഞ്ജീവനി വഴി നിങ്ങൾക്ക് ലഭിച്ചത് വലിയൊരു സൗഭാഗ്യമാണ്... ' സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ വൃക്ക സ്വീകരിച്ച് രോഗമുക്തി നേടിയ രാജനെ ഫോണിൽ വിളിച്ച് മോഹൻലാൽ ചൊരിഞ്ഞ ആശ്വാസവാക്കുകളാണിത്. പുതു ജീവിതത്തിലേയ്ക്ക് നിങ്ങൾ തിരിച്ചു വന്നിരിക്കുകയാണ്. സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകണമെന്നും മോഹൻലാൽ പറഞ്ഞു.
രാജന്റെ ഭാര്യ സിന്ധുവിനോടും അദ്ദേഹം സംസാരിച്ചു. സിന്ധുവിന്റെ മന:സാന്നിദ്ധ്യവും പരിചരണവുമാണ് രാജനെ ആരോഗ്യവാനാക്കിയത്. അതിന് പ്രത്യേക നന്ദിയുണ്ടെന്നും മൃതസഞ്ജീവനി ഗുഡ് വിൽ അംബാസഡർ കൂടിയായ മോഹൻലാൽ പറഞ്ഞു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായ പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തൻവീട്ടിൽ രാജൻ(40) കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്.