തിരുവനന്തപുരം: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഗർഭിണികൾ വീടുകളിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ അവരുടെ വീട്ടുകാരും കർക്കശമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഗർഭിണികൾക്കായാലും വീട്ടുകാർക്കായാലും ആശുപത്രിയിൽ പോകാൻ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. അവർ നിർദേശിക്കുന്ന ആശുപത്രിയിൽ പോകണം. ഇഷ്ടമുള്ള ആശുപത്രികളിൽ കയറിയിറങ്ങാനാവില്ല. അത് ആരോഗ്യസുരക്ഷയ്ക്ക് ഹാനിയാകും.
സർക്കാരിന്റെ കെയർസെന്ററിലും വീട്ടിലുമായി നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളെ ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടും. സർക്കാർ കെയർസെന്ററിൽ ആരോഗ്യപ്രവർത്തകരുടെ സേവനം 24 മണിക്കൂറുമുണ്ട്.
സേവന സംവിധാനം:
നിരീക്ഷണത്തിലുള്ളവർക്ക് കൊവിഡ്-19 ഇ- ജാഗ്രത ആപ്പ് ഉപയോഗിക്കാം.
രോഗലക്ഷണമുണ്ടായാൽ വീഡിയോ കാൾ വഴി ഡോക്ടർമാരെ ബന്ധപ്പെടാം.
ആവശ്യമെങ്കിൽ മെഡിക്കൽ സംഘം ചർച്ച ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കും.