തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ വാഹനം പിടിച്ചെടുത്തതിന് പ്രതികാരമായി പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വലിയതുറ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ ബീറ്റ് ഓഫീസറായ വലിയതുറ സ്വദേശി ശ്രീരാജാണ് മർദ്ദനമേറ്റ് ദേഹമാസകലം പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശ്രീരാജിനെ മർദ്ദിച്ച വലിയതുറ സ്വദേശിയായ സ്‌റ്റെഫാൻ ക്ളാരൻസ് ആന്റോയെ പൊലീസ് അറസ്‌റ്റു ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ആഭ്യന്തര വിമാനത്താവളത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കൊവിഡ് രോഗലക്ഷണങ്ങളുമായി വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശ്രീരാജ് ഉൾപ്പെട്ട സംഘം പരിശോധനയ്ക്കായി ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന പൊലീസുകാർ മറ്റ് വീടുകളിൽ വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ ശ്രീരാജിനെ സ്‌റ്റെഫാൻ ആക്രമിക്കുകയായിരുന്നു. മഫ്‌തിയിലായിരുന്ന ശ്രീരാജിനെ സ്‌റ്റെഫാൻ തലങ്ങും വിലങ്ങും മർദ്ദിച്ചു. ശ്രീരാജ് അവശനായി റോഡിൽ വീണതോടെ മറ്റു പൊലീസുകാരെത്തി സ്‌റ്റെഫാനെ കീഴടക്കുകയായിരുന്നു. സ്‌റ്റെഫാന്റെ വാഹനം അടുത്തിടെ ലോക്ക് ഡൗൺ ലംഘിച്ചതിന് ശ്രീരാജിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാനേതാവായിരുന്ന എയർപോർട്ട് സാജന്റെ മകനാണ് സ്റ്റെഫാനെന്ന് പൊലീസ് പറഞ്ഞു. സ്‌റ്റെഫാനെ പൊലീസ് അറസ്‌റ്റു ചെയ്തെങ്കിലും കേസ് ഒതുക്കി തീർക്കാൻ ശ്രമമുണ്ടായതായി ആരോപണം ഉയർന്നിരുന്നു. ഉച്ചയോടെ പ്രതിയെ പിടികൂടിയെങ്കിലും വൈകിട്ടോടെയാണ് കേസെടുത്തത്.