തിരുവനന്തപുരം:മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിനെത്തുന്നവർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കുടുംബമായെത്തുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിൽ വിടുകയാണെങ്കിൽ അവരോടൊപ്പം പോകാൻ ശാഠ്യം പിടിക്കരുത്. കൂട്ടംകൂടി നിൽക്കുകയോ മുറിയിൽ നിന്നു പുറത്തിറങ്ങുകയോ ചെയ്യരുത്. മറ്റ് മുറികളിൽ കഴിയുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. തുണി മാസ്‌ക് അല്ലെങ്കിൽ തൂവാല നിർബന്ധമായും ധരിക്കണം.
ഡിസ്‌പോസിബിൾ മാസ്‌ക്,ടിഷ്യു, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവ പുറത്തേക്ക് വലിച്ചെറിയാതെ വേസ്റ്റ് പാത്രങ്ങളിൽ നിക്ഷേപിക്കുക. മറ്റെന്തെങ്കിലും അസുഖത്തിനു മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്. നിരീക്ഷണത്തിലുള്ളയാൾ ഉപയോഗിക്കുന്ന മൊബൈൽഫോൺ, പാത്രങ്ങൾ, വസ്ത്രങ്ങൾ, പത്രമാസിക, പുസ്തകം, ലഘു ഭക്ഷണം തുടങ്ങിയവ മറ്റാരുമായും പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, പാത്രങ്ങൾ മുതലായവ ബ്ലീച്ച് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കണം. ശുചിമുറികളും ഉപയോഗശേഷം സ്വയം വൃത്തിയാക്കണം.
ജനലുകൾ വഴി തുപ്പരുത്. ശുചിമുറികളിൽ പോയി തുപ്പാൻ കഴിയാത്തവർ വായു കടക്കാത്ത അടപ്പുള്ള പാത്രത്തിൽ തുപ്പി പിന്നീട് ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി ശചിമുറികളിൽ നിക്ഷേപിക്കുക. നിരീക്ഷണത്തിലുള്ളവർ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യണം.പനി,തുമ്മൽ,തൊണ്ടവേദന,ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കെയർടേക്കറെയോ കാൾ സെന്റർ നമ്പരായ 1077ലോ ദിശ നമ്പരായ 1056/04712552056 ലോ വിളിച്ച് വിവരം അറിയിക്കുക. മാനസികസമ്മർദ്ദം അനുഭവപ്പെട്ടാൽ 9846854844 എന്ന നമ്പരിൽ ബന്ധപ്പെടുക.