തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നതായി ചിലർ പ്രചരിപ്പിക്കുകയാണെന്നും സമൂഹത്തിൽ മതവിദ്വേഷം പരത്താൻ ചിലർ തുനിഞ്ഞിറങ്ങിയത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സംഭാവന നൽകിയതിനെ ചൊല്ലി പ്രതിപക്ഷനേതാവും മറ്റും ഉന്നയിച്ച ആരോപണങ്ങളെ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദേവസ്വങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നില്ലെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തിരുവിതാംകൂർ ദേവസം ബോർഡിന് 100കോടിയും മലബാർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് 36 കോടിയും അനുവദിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ ഇടത്താവളങ്ങൾക്ക് കിഫ്ബിയിലൂടെ 142കോടിയുടെ നിർമ്മാണമാണ് നടത്തുന്നത്. ശബിമല തീർത്ഥാടനത്തിന് പ്രത്യേക ഗ്രാന്റായി 30കോടി നൽകി. കൂത്താട്ടുകുളം മഹാദേവക്ഷേത്രം ഉൾപ്പെടെ തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് 5 കോടിയുടെ പദ്ധതി നടപ്പാക്കിവരികയാണ്. തത്ത്വമസി എന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് ആവിഷ്കരിച്ചു.
ട്രാവൻകൂർ ഹെറിറ്റേജ് സ്കീം പ്രകാരം ഇതിന് 10കോടിയാണ് അനുവദിച്ചത്. ബഡ്ജറ്റ് പരിശോധിച്ചാൽ സർക്കാർ കൊണ്ടു പോവുകയാണോ കൊടുക്കുകയാണോ എന്ന് ബോദ്ധ്യമാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ ഈ മഹാദുരന്ത ഘട്ടത്തിലും ചോര തന്നെ കൊതുകിന്ന് കൗതുകമെന്ന മട്ടിൽ പെരുമാറരുതെന്നാണ് പറയാനുള്ളത്.
ഗുജറാത്തിലെ സോമനാഥക്ഷേത്രം ഉൾപ്പെടെ പ്രധാന ക്ഷേത്രങ്ങൾ അതത് സംസ്ഥാനങ്ങളുടെ ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവന ചെയ്തതിന്റെ കണക്കുകളും മുഖ്യമന്ത്രി ഉദ്ധരിച്ചു.