ബാലരാമപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കാറ്റിലും മഴയിലും കോവളം നിയോജക മണ്ഡലത്തിൽ 1,25,000 വാഴകൾ നശിച്ചതായി അഡ്വ. എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. വൻ തുക വായ്പയെടുത്ത് പാട്ടത്തിനും അല്ലാതെയും കൃഷിയിറക്കിയ കർഷകർ കടക്കെണിയിലായിരിക്കുകയാണ്. പാട്ടക്കരാറോ കരം തീർത്ത രസീതോ ലഭ്യമല്ലാത്തതിനാൽ ബഹുഭൂരിപക്ഷം കർഷകർക്കും ഇൻഷ്വറൻസ് എടുക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കേസായി പരിഗണിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഒരു പാക്കേജ് സർക്കാർ നടപ്പിലാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.