തിരുവനന്തപുരം: മറ്രു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് നാട്ടിലേക്ക് വരാനുള്ള ഡിജിറ്റൽ പാസ് വിതരണം നിറുത്തിയിട്ടില്ലെന്നും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതാണെന്നും സർക്കാർ വിശദീകരണം. രണ്ടു ദിവസത്തിനുള്ളിൽ പാസ് വിതരണം പുനരാരംഭിക്കുമെന്ന് നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി അപേക്ഷിച്ച 85,000 പേരിൽ 45,000 പേർക്കാണ് പാസ് നൽകിയത്. ഇവരിൽ 22,000 പേർ വന്നുകഴിഞ്ഞു. ബാക്കി 23,000 പേർക്കേ 18വരെ വരാൻ കഴിയൂ. അതിർത്തിയിലെ ഓരോ കേന്ദ്രത്തിലൂടെയും ക്വാറന്റൈൻ സൗകര്യത്തിനനുസരിച്ച് ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ കടത്തിവിടാൻ കഴിയൂ.