covid-room

തിരുവനന്തപുരം: ദോഹയിൽ നിന്ന് പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് രാത്രി 10.45ന് തലസ്ഥാനത്തെത്തുമ്പോൾ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.
നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ആളുകളെത്തുന്നതിനു മുമ്പ് അടിസ്ഥാനാവശ്യങ്ങൾക്കായി പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങൾ, പില്ലോ, ഹെയർ ഓയിൽ, ഡെറ്റോൾ, ബാത്റൂം ശുചീകരണത്തിനാവശ്യമുള്ള വസ്തുക്കൾ, വേസ്റ്റ് ബാസ്കറ്റ്, പ്ലേറ്റ്, ഗ്ലാസ്, മാസ്‌ക് തുടങ്ങി 21 സാധനങ്ങൾ മുറികളിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്കുള്ള ഭക്ഷണം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി നൽകും. ഭക്ഷണത്തിന്റെ മെനുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
330 കെട്ടിടങ്ങളിലായി 9100 റൂമുകളാണ് പ്രവാസികൾക്കായി നഗരസഭ ഒരുക്കിയിട്ടുള്ളത്. 23 ആഡിറ്റോറിയങ്ങൾ, 125 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 79 ഹോട്ടലുകൾ, 34 ലോഡ്‌ജുകൾ, 14 ഫ്ളാറ്റുകൾ, 22 ഹാളുകൾ എന്നിങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 55 സർക്കാർ കെട്ടിടങ്ങളും 275 സ്വകാര്യ കെട്ടിടങ്ങളുമാണ്. 3793 റൂമുകൾ ബാത്റൂം അറ്റാച്ച്ഡ് ആണ്. നേരത്തെ തന്നെ കൊവിഡ് നിരീക്ഷണകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ആനയറ സമേതി ഹാൾ, മൺവിള ട്രെയിനിംഗ് സെന്റർ, വിമെൻസ് കോളേജ്, ഐ.എം.ജി ഹാൾ, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ, മാർ ഇവാനിയോസ് കോളേജ്, വിഴിഞ്ഞം സെന്റ് മേരീസ് എന്നീ ഏഴ് കേന്ദ്രങ്ങളും തയ്യാറാണ്. ഈ കേന്ദ്രങ്ങളുടെ ശുചീകരണം, അണുനശീകരണം എന്നിവയും നഗരസഭയുടെ നേതൃത്വത്തിൽ നടത്തും.

 ഭക്ഷണ ക്രമീകരണം

ശനിയാഴ്ച- രാവിലെ - അപ്പം, മുട്ടക്കറി, ഉച്ചയ്ക്ക് - ചോറ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, മുളക്, രാത്രി - ഇടിയപ്പം, കുറുമ, ചെറുപഴം.
ഞായർ- രാവിലെ ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, വട, ഉച്ചയ്ക്ക് - ചോറ്, തീയൽ, പച്ചടി, തോരൻ, മോര് കറി, അച്ചാർ, രാത്രി- പുട്ട്, കടലക്കറി, ചെറുപഴം.
തിങ്കൾ - രാവിലെ ദോശ, സാമ്പാർ, ചമ്മന്തി, ഉച്ചയ്ക്ക് - ചോറ്, മെഴുക്ക്, ചമ്മന്തി, അവിയൽ, മീൻകറി, മരച്ചീനി, രാത്രി -ചപ്പാത്തി, തക്കാളിക്കറി, ചെറുപഴം.
ചൊവ്വ - രാവിലെ ഇടിയപ്പം, വെജ്ജ് സ്റ്റൂ, ഉച്ചയ്ക്ക്- ചോറ്, തോരൻ, കിച്ചടി, അച്ചാർ, സാമ്പാർ, രാത്രി- വീശപ്പം, ഗ്രീൻപീസ്, ചെറുപഴം.
ബുധൻ - രാവിലെ അപ്പം, കടല, ഉച്ചയ്ക്ക് - ചോറ്, ചിക്കൻ, തോരൻ, അച്ചാർ, രാത്രി - ഇടിയപ്പം, കുറുമ, ചെറുപഴം.

വ്യാഴം - രാവിലെ പുട്ട്, പപ്പടം, പയർ, ഉച്ചയ്ക്ക് ചോറ്, അവിയൽ, തോരൻ, പുളിശ്ശേരി, അച്ചാർ രാത്രി ചപ്പാത്തി, ഡാൽ, ഏത്തപ്പഴം പുഴുങ്ങിയത്
വെള്ളി - രാവിലെ ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ഉച്ചയ്ക്ക് ഫ്രൈഡ് റൈസ്, മുട്ട, രാത്രി ദോശ, ചമ്മന്തി, ചെറുപഴം.

 ഭക്ഷണം വിതരണം ചെയ്യുന്ന സമയം - രാവിലെ 7-8, ഉച്ചയ്ക്ക് 12.30- 1.30,

വൈകുന്നേരം 6.30 -7.30, (രാവിലെ 6ന് ബെഡ് കോഫി, വൈകിട്ട് 5 ന് ചായ).

ആകെ - 330 കെട്ടിടങ്ങൾ - 9100 റൂമുകൾ