തിരുവനന്തപുരം: സ്വകാര്യമേഖലയിലെ കൂടുതൽ ലാബുകൾക്ക് കൊവിഡ് 19 പരിശോധനാ സൗകര്യം അനുവദിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുമായും ആരോഗ്യമേഖലയിലെ സംഘടനകളുമായും ആശുപത്രി പ്രതിനിധികളുമായും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ നിർദേശം ഉയർന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്ര്യൂഷണൽ ക്വാറന്റൈൻ അനുവദിക്കുക, ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അവർ മുന്നോട്ട് വച്ചു.

കുറഞ്ഞ പലിശയ്ക്ക് ആശുപത്രികൾക്ക് ചെറുകിട വ്യവസായ ങ്ങൾക്കുള്ള വായ്പ നൽകണം. ഇക്കാര്യത്തിൽ ബി.ജെ.പി മുൻകൈ എടുക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് കുര്യൻ, എം.ഗണേശൻ,സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ് , രേണുസുരേഷ് എന്നിവരും പങ്കെടുത്തു. ചർച്ചയിൽ ഡോക്ടർമാരായ അനൂപ് കുമാർ,വിനോദ് ബി.നായർ, ഗിരിജ,ശാന്തി, ഐ.എം.എ ഭാരവാഹികളും ഡോക്ടർമാരുമായ ജയകൃഷ്ണൻ, ആർ.ശ്രീജിത്, അജിത് ഭാസ്‌കർ,സ്വകാര്യ ആശുപത്രി പ്രതിനിധികളും ഡോക്ടർമാരുമായ സി.എം.അബൂബക്കർ, ഡേവിൻ, സുരേന്ദ്രൻ,രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.