കോവളം:കടൽമാർഗം തമിഴ്നാട്ടിൽ നിന്ന് ബന്ധുക്കളെ കാണാനെത്തിയ രണ്ടു യുവാക്കളെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ തമിഴ്നാട് ഇനയത്തിൽ നിന്നാണ് യുവാക്കൾ മത്സ്യബന്ധന ബോട്ടിൽ വിഴിഞ്ഞത്ത് എത്തിയത്. തേങ്ങാപ്പട്ടണത്ത് നിന്ന് ഐസ് ശേഖരിക്കാൻ വന്ന ബോട്ടിൽ കയറിക്കൂടിയ സംഘം തുറമുഖത്തെ പഴയ വാർഫിൽ ഇറങ്ങിയ ശേഷം ബന്ധുവീടുകളിൽ പോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. കൊടും തമിഴ് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തീരദേശ പൊലീസ് തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. യുവാക്കളിൽ ഒരാളുടെ ബന്ധു വിഴിഞ്ഞത്ത് താമസിക്കുകയാണ്. ഇവരെ വിളിച്ചു വരുത്തി ഉറപ്പാക്കിയ ശേഷം ഇരുവരെയും വഴുതക്കാട് വിമെൻസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. കോസ്റ്റൽ പൊലീസ് സി.ഐ അനിൽകുമാർ, എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.