spri

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സ്പ്രിൻക്ളർ ആരോപണം എന്തുകൊണ്ടും കൗതുകകരമാണ്. വളരെ പുതുമയുള്ളതും ഭാവിയിൽ രാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉണ്ടാക്കാനിടയുള്ളതുമായ ആരോപണങ്ങളുടെ ഒരു തുടക്കമായും അതിനെ കാണാം.

രാഷ്ട്രീയ നേതാക്കൾക്കും സർക്കാരുകൾക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നത് പുതിയതല്ല. എണ്ണ വാങ്ങിയതിൽ കൈക്കൂലി വാങ്ങി,ആയുധം വാങ്ങിയതിൽ കൈക്കൂലിവാങ്ങി, ക്രമരഹിതമായിവായ്പ നൽകി, അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കി, സ്വന്തക്കാർക്ക് നിയമനം നൽകി, ബന്ധുക്കളുടെ സ്ഥാപനങ്ങൾക്ക് വഴവിട്ട് ആനുകൂല്യങ്ങൾ നൽകി, തുടങ്ങിയ വിവാദങ്ങളാണ് ഇതുവരെ കേട്ടിരുന്നത്. ഇപ്പോൾ കാലം മാറി.ഇത് ഡിജിറ്റൽ യുഗമാണ്.റേഷൻ വാങ്ങുന്നത് കാർഡുമായി ചെന്നിട്ടല്ല. മൊബൈൽ ഫോണുമായി ചെന്നാൽ മതി. റേഷൻ നൽകുമ്പോൾ മൊബൈൽ ഫോണിൽ അറിയിപ്പ് വരും. എങ്കിലേ അരിയളന്ന്സഞ്ചിയിലിടാനും ബില്ലടിക്കാനും കഴിയുകയുള്ളു. അതാണ് കാലം. ജീവനക്കാർ ലീവപേക്ഷ നൽകുന്നത് ഇ.മെയിലിൽ, ഫോൺ ബില്ലും വൈദ്യുതി ബില്ലും അടക്കുന്നത് ഒാൺലൈനിൽ, ഭക്ഷണം പാർസൽ വാങ്ങുന്നതും സിനിമാടിക്കറ്റെടുക്കുന്നതും എല്ലാം ഒാൺലൈനിൽ തന്നെ. അപ്പോൾ അഴിമതിയാരോപണവും രാഷ്ട്രീയ വിവാദവും ഡിജിറ്റലാകുന്നത് സ്വാഭാവികം. ഭാവിയിൽ അതായിരിക്കും ട്രെൻഡ്. അതിനുള്ള തുടക്കമാണ് പ്രതിപക്ഷ നേതാവ് കേരളത്തിൽ നടത്തിയത്.

കേരളത്തിൽ കൊവിഡ് 19 മഹാമാരി ബാധിച്ചവരുടെയും അവരുമായി ബന്ധമുള്ളവരുടെയും ക്വാറന്റയിനിൽ കഴിഞ്ഞവരുടെയും സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക വിവരങ്ങൾ സർക്കാർ നേരിട്ട് ശേഖരിച്ചു.ഇതെല്ലാം സ്പ്രിൻക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കൈമാറി. ഇൗ കൈമാറ്റം ക്രമരഹിതമായിരുന്നു.നിയമവിരുദ്ധവും. അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന വിവരങ്ങളാണ് അമേരിക്കൻ കമ്പനി സൂത്രത്തിൽ അടിച്ചെടുത്തത്. 1.92ലക്ഷം പേരാണ് കേരളത്തിൽ ക്വാറന്റയിനിൽ കഴിഞ്ഞത്. ഇൗ ഇടപാടിൽ സർക്കാരിലെ ചിലർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയമുണ്ട്. ഇതായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ആരോപണം ജനങ്ങൾ ഏറ്റെടുത്തില്ലെങ്കിലും അത് നിസ്സാരമായി തള്ളാവുന്ന ഒന്നായിരുന്നില്ല. രണ്ട് പ്രശ്നങ്ങളാണ് അതിലുള്ളത്. ഒന്ന്. ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ അവരുടെ അനുമതിയില്ലാതെ വിദേശകമ്പനിക്ക് കൈമാറി. രണ്ട് അതിന്റെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കി. ആദ്യത്തേക്ക് കുറ്റകൃത്യവും രണ്ടാമത്തേത് അഴിമതിയുമാണ്. പക്ഷെ രണ്ടും തെളിയിക്കാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തവുമല്ല.നിലവിലെ സാഹചര്യത്തിൽ തെളിയിക്കാനാകുമാകില്ല. മൊബൈൽ ഫോണും ഇന്റർനെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുമെങ്കിലും ജനസാമാന്യത്തിന് ഡാറ്റാ കച്ചവടത്തെ കുറിച്ച് കാര്യമായ അറിവില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനങ്ങൾ മുഖവിലയ്ക്കെടുത്തില്ല. ഡാറ്റാ കാണാത്ത സാധനമാണ്. അതിന്റെ വിലയും ആർക്കുമറിയില്ല. അത്തരമൊന്ന് കച്ചവടം നടത്തി അഴിമതികാട്ടിയെന്ന്പറഞ്ഞാൽ ആരാണ് വിശ്വസിക്കുക.പക്ഷെ സംഗതി നിസ്സാരമല്ല.ഇന്റർനെറ്റിന്റെയുംകമ്പ്യൂട്ടറിന്റെയും കാലത്ത് ഡാറ്റാ ഏറ്റവും വലിയ വിൽപനചരക്കാണ്. യാഹുവും ഗൂഗിളും ഫയർ ഫോക്സും പോലുള്ള സേർച്ച് എൻജിനുകൾ പുറത്തിറക്കിയ ഐ.ടി.കമ്പനികൾ ചുരുങ്ങിയസമയം കൊണ്ട് വളർന്ന് ബില്ല്യൺ കോടി ഡോളറിന്റെ ആസ്തിയുണ്ടാക്കിയത് ഡാറ്റ വിറ്റിട്ടാണെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ഇന്റർനെറ്റിൽ ഒാരോ ക്ളിക്കും ഡാറ്റയാണ്. ഗൂഗിളിന്റെ പ്രധാന നേട്ടവും അതാണ്.കാരണം കോർപറേറ്റുകളുടെ ജീവ രക്തം ഇൗ ഡാറ്റയാണ്.ഡാറ്റയുടെ മുകളിലുള്ളകുത്തകാധിപത്യത്തിന് വേണ്ടിയുള്ള മത്സരമാണ് ആഗോളതലത്തിൽ കോർപറേറ്റുകൾ നടത്തുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഇൗ വാണിജ്യാവശ്യം മുന്നിൽ കണ്ട് കുത്തകമുതലാളിത്തവുമായി ചേർന്ന് ദേശ,രാഷ്ട്ര,രാഷ്ട്രീയ നേതൃത്വങ്ങൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സാങ്കേതിക വിദ്യകൾക്ക് അംഗീകാരം നേടികൊടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്.കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രോഗബാധിത വ്യക്തികളുടെആരോഗ്യ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പുതിയ മേൽനിരീക്ഷണ സംവിധാനങ്ങൾ സ്ഥിരം സംവിധാനങ്ങളാക്കാനുളള നീക്കം അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ന് വലിയ ചർച്ചയായി മാറികൊണ്ടിരിക്കുകയാണ്. സ്വകാര്യത എന്നത് ഇന്ന് കുത്തകമുതലാളിത്തംഅംഗീകരിക്കുന്ന കാര്യമല്ല. എല്ലാവരും ആരോഗ്യവിവരങ്ങൾ സ്വയം വെളിപ്പെടുത്തണമെന്നാണ് ഗൂഗിൾ സി.ഇ.ഒ. ഇൗയിടെ ആവശ്യപ്പെട്ടത്. രോഗങ്ങൾ മുൻകൂട്ടി കണ്ട് തടയാനും മരുന്നുകൾ സജ്ജമാക്കാനും ഇത് സഹായിക്കും. എന്നാണദ്ദേഹത്തിന്റെ വാദം. രാഷ്ട്രീയ നേതൃത്വവും പറയുന്നതിതുതന്നെയാണ്. മഹാമാരിയുടെ കാലത്ത് ഇൗ യുക്തിക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്യും. സാങ്കേതിക സംവിധാനങ്ങളുടെ ഒരു സമുച്ചയത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. അതിനെ വെല്ലുവിളിക്കാൻ നിലവിലെ ജനാധിപത്യ സംവിധാനത്തിനകത്തുനിന്നുകൊണ്ട് എളുപ്പമല്ലതാനും.ജനപ്രാതിനിധ്യസംവിധാനമല്ലാതെ ഇനി ഒരു പുതിയ ഭരണസംവിധാനം പരീക്ഷിക്കാനില്ലെന്ന തോന്നലിലാണ് നാമിന്നും. എന്നാൽ നിർമ്മിതബുദ്ധിയുടെ പുതിയ ലോക സാഹചര്യത്തിൽ കോർപറേറ്റുകൾ നേരിട്ട് ഭരണം കയ്യാളുന്ന ഒരു പുതിയ ഭരണസംവിധാനത്തിനും സാഹചര്യമൊരുങ്ങുന്നുണ്ടെന്നത് വസ്തുതയാണ്. ആ സാഹചര്യത്തിലാണ് ഇത്തരം സ്പ്രിൻക്ളർ പോലുള്ള വിവാദങ്ങൾ പ്രസക്തമാകുന്നത്.