ന്യൂഡൽഹി: കൊവിഡിനെ തുരത്താൻ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാനുള്ള നടപടി തുടങ്ങിയെന്ന് ഐ.സി.എം.ആർ. ഭാരത് ബയോടെക്കുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുക. രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
ഭാരത് ബയോടെക്കിനൊപ്പം പൂനൈ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടും ഐ.സി.എം.ആറും സംയുക്തമായാണ് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുക. ഇതിനായി വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് രോഗികളുടെ സാംപിളുകളിൽ നിന്ന് ശേഖരിച്ച കൊവിഡ് ജനിതകഘടകങ്ങൾ വിജയകരമായി ബി.ബി.ഐ.എല്ലിന് കൈമാറിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ വേഗത്തിലാക്കുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.