
എറണാകുളം: മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി തിരിച്ച നാവികസേന കപ്പൽ ഐ.എൻ.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി. രാവിലെ ഒമ്പതേ കാലോടെയാണ് കപ്പൽ കൊച്ചി തുറമുഖത്തെത്തുക. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരിൽ 19 പേർ ഗർഭിണികളും 14 പേർ കുട്ടികളുമാണ്. വിശദമായ പരിശോധന തുറമുഖത്ത് നടക്കുകയാണ്. എത്തിയവരിൽ ഭൂരിപക്ഷം പേരും തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരാണ്.
രോഗലക്ഷണങ്ങൾ ഉള്ളവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങളിലുള്ളവർ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസത്തേക്ക് കഴിയേണ്ടത്. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറിൽ വീടുകളിലേക്ക് അയക്കും. പത്ത് എമിഗ്രേഷൻ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനായി കൊച്ചി പോർട്ടിൽ ഒരുക്കിയത്.
കപ്പലിൽ എത്തുന്നവരെ വിമാനത്താവളത്തിന് സമാനമായ രീതിയിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവിധ ഘട്ടങ്ങളിലായാണ് പരിശോധിക്കുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.