എറണാകുളം: വാളയാർ അതിർത്തിയിൽ ഇതുവരെ എത്തി കുടുങ്ങിയവരെ കടത്തിവിടണമെന്ന് ഹൈക്കോടതി. അതിർത്തി പാസ് വിഷയത്തിൽ ഹൈക്കോടതി പ്രത്യേക ഉത്തരവിറക്കി. വാളയാറിൽ കുടുങ്ങിയവർക്ക് വേണ്ടി മാത്രമാണ് ഹൈക്കോടതി ഉത്തരവ്.സർക്കാർ നിയന്ത്രണം ജനത്തിന് എതിരാണെന്ന് പറയാനാകില്ല. ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കാൻ കോടതിക്കാകില്ലെന്നും ജനങ്ങൾ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും കോടതി പറഞ്ഞു. പാസ് നൽകുമ്പോൾ ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണന നൽകണമെന്നും കോടതി പറഞ്ഞു. യാത്ര പുറപ്പെടുമ്പോൾ തന്നെ പാസ് വാങ്ങണമെന്ന സർക്കാർ നിർദേശം കോടതി ഹർജിക്കാരെ ഓർമ്മിപ്പിച്ചു. ഉത്തരവ് കീഴ്വഴക്കമാക്കരുതെന്നും പൊതുജന താത്പര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.
അതിർത്തിയിൽ ഗൗരവതരമായ പ്രശ്‌നങ്ങളില്ലെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേരള അതിർത്തിയിൽ ഇതുവരെ വന്നവർക്ക് പാസ് നൽകുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ ഇനി പാസില്ലാതെ വരുന്നവരെ കേരളത്തിലേക്ക് കടത്തിവിടില്ല. സംസ്ഥാന അതിർത്തിയിൽ അസാധാരണ സാഹചര്യമാണുള്ളതെന്നും അതിർത്തിയിൽ എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.ഇതുവരെ 53,000 പേർക്ക് സർക്കാർ പാസ് നൽകിയെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാർ വാദം. നിയന്ത്രിതമായ വിധത്തിൽ അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. ഏപ്രിൽ 29 നാണ്. ജില്ലാ കളക്ടർമാരാണ് ജില്ലകളിൽ അനുവാദം നൽകേണ്ടത്. എന്നാൽ പഞ്ചായത്തുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കളക്ടര്‍ പാസിന്റെ കാര്യത്തിൽ തീരുമാനം എടുക്കു. നല്ല നിലയിൽ ആളുകളെ തിരിച്ചെത്തിക്കാനാണ് പാസ് അനുവദിക്കാൻ തീരുമാനിച്ചത്. ചെക്പോസ്റ്റുകളിൽ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറുകളുള്ള വാളയാറിൽ പത്താക്കേണ്ട അവസ്ഥയാണ് ഉള്ളത്. പത്ത് മണിക്കൂർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഇങ്ങനെ ആളുകൾ കൂട്ടത്തോടെ വന്നാൽ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു.
വിദ്യാര്‍ത്ഥികള്‍ പ്രായമായവര്‍ ഗര്‍ഭിണികള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. മനുഷ്യത്വപരമായ സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. 500 പേര്‍ക്കിരിക്കാവുന്ന പന്തൽ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നൽകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. സിസ്റ്റം ഡൗണായത് കൊണ്ടാണ് പാസ് നൽകാത്തതെന്ന വാദം ശരിയല്ല. മാലിദ്വീപിൽ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയൽ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. വാളയാറിൽ എത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചു. തമിഴ്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും നിർബന്ധിതമായി പോരേണ്ടി വന്നവരാണ് ഇവർ. അവർക്ക് പോകാൻ വേറെ സ്ഥലം ഇല്ല. ഇവരോട് തിരികെ പോകാൻ പറയുന്നതു മനുഷ്യത്വപരമല്ല. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടന്നത്. ഇന്നലെ സംസ്ഥാന അതിര്‍ത്തികളില്‍ പാസില്ലാതെ നിരവധി പേര്‍ എത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകള്‍ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വാളയാര്‍, തലപ്പാടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടലുണ്ടായത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം.ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.