തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമുള്ള ഞായർ ലോക്ക് ഡൗണിൽ നാടും നഗരവും നിശ്ചലമായി. സമ്പൂർണ ലോക് ഡൗണിന്റെ ഭാഗമായി രാവിലെ തന്നെ പൊലീസ് പരിശോധന ശക്തമാക്കിയതോടെ അനാവശ്യയാത്രക്കാരെല്ലാം നിരത്തിൽ നിന്നൊഴിഞ്ഞു. തിരുവനന്തപുരത്തും പരിസരത്തുമായി ദേശീയപാതയും ബൈപ്പാസുമുൾപ്പെടെ പ്രധാന നിരത്തുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ച് അമ്പതോളം സ്ഥലങ്ങളിൽ വാഹന പരിശോധന നടന്നുവരികയാണ്. വാഹന പരിശോധനയുടെയും നിയന്ത്രണത്തിന്റെയും ഭാഗമായി നഗരത്തിൽ കവടിയാർ - വെള്ളയമ്പലം, പട്ടം- കുറവൻകോണം, കരമന- കിള്ളിപ്പാലം, എം.ജി റോഡ് , അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ , ചാക്ക- പാളയം തുടങ്ങിയ റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. അത്യാവശ്യയാത്രക്കാരൊഴികെ ആരെയും വാഹനങ്ങളുമായി നിരത്തിലിറങ്ങാൻ ഇന്ന് പൊലീസ് അനുവദിക്കില്ല. തക്കതായ കാരണമില്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി.
തിരുവനന്തപുരത്തിന് പുറമേ കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പ്രധാന റോഡുകളും അഞ്ച് മണിക്കൂർ അടച്ചിട്ടിരിക്കുകയാണ്. അവശ്യവിഭാഗത്തിൽപ്പെട്ട കടകളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞതോടെ നാടും നഗരവും വിജനമായി.എന്നാൽ മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിലെ പാഴ്സൽ സംവിധാനവും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽ സാധാരണ തിരക്ക് അനുഭവപ്പെടാറുള്ള സ്റ്റാച്യൂ, ചാലക്കമ്പോളം, കിള്ളിപ്പാലം, മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലെല്ലാം ഇന്ന് ആളുകളുടെ തിരക്ക് നന്നേ കുറവാണ്.
ഇളവുകൾ നടപ്പായി തുടങ്ങിയ മൂന്നാംഘട്ടത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു മാർഗമെന്ന നിലയിലാണ് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യവിഭാഗത്തിനും പാസുള്ളവർക്കുമാണ് ഇന്ന് യാത്രാനുമതിയുള്ളത്.അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബുകൾ, പാൽ, പത്രം എന്നിവയുടെ വിതരണം, മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടവർ, കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവർ, ചരക്ക് വാഹനം എന്നിവയ്ക്കാണ് ഇന്ന് ഇളവുള്ളത്.