gas-leak

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരിസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിട്ടികള്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തണം.

ആദ്യ ആഴ്ച ട്രയല്‍ അല്ലെങ്കില്‍ ടെസ്റ്റ് റണ്‍ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകള്‍ പരിഗണിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ പറയുന്നു.വ്യവസായ സ്ഥാപനങ്ങൾ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. അപകടസാധ്യത കുറയ്ക്കുന്നതിന് നിര്‍ദ്ദിഷ്ട ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സംവേദനക്ഷമത പുലര്‍ത്തേണ്ടത് പ്രധാനമാണ്. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിശാഖപട്ടണത്ത് എല്‍.ജിയുടെ പോളിമര്‍ ഫാക്ടറി തുറന്നപ്പോള്‍ വിഷവാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ ദുരന്തത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദേശം.

അസാധാരണമായ ശബ്ദം, മണം, ചോര്‍ച്ച, പുക അല്ലെങ്കില്‍ അപകടകരമായ മറ്റു അടയാളങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പ്രവേശനകവാടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടേയും താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളികളെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യിക്കരുതെന്നും കർശന നിർദേശമുണ്ട്.

ഫാക്ടറിയില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തുകടക്കുന്നതുവരെയുള്ള സുരക്ഷാ നടപടികള്‍ സംബന്ധിച്ച് തൊഴിലാളികളെ പഠിപ്പിക്കണം. വര്‍ക്ക്ഫ്‌ളോറിനുള്ളിലെ ശാരീരിക അകലം പാലിക്കുകയും ഭക്ഷണസൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണം.

ഒരു സമയം എത്രപേര്‍ക്ക് പ്രവര്‍ത്തിക്കാമെന്നതടക്കം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. ഏതെങ്കിലും തരത്തില്‍ ഒരു തൊഴിലാളിക്ക് കൊവിഡ് കണ്ടെത്തിയാല്‍ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കേണ്ടതുണ്ട്. തുടര്‍ന്ന് മുഴവന്‍ ജീവനക്കാരേയും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.