തിരുവനന്തപുരംഃ അതിർത്തികളിൽ കൊവിഡ് ജാഗ്രതാസൈറ്റ് വഴി നാട്ടിലേക്ക് മടങ്ങാനുള്ള പാസില്ലാതെ ഇന്നും ആളുകൾ കൂട്ടത്തോടെയെത്തി. പാലക്കാട് ജില്ലയിലെ വാളയാർ, വയനാട് ജില്ലയിലെ മുത്തങ്ങ, കാസർകോട് ജില്ലയിലെ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെത്താനുള്ള പാസില്ലാതെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ എത്തിയത്.
പാസില്ലാതെ ഒരാളെയും കടത്തിവിടേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഇവരെ ചെക്ക് പോസ്റ്റ് കടക്കാൻ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അനുവദിച്ചില്ല. ഇതേ തുടർന്ന് വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തിയ വിദ്യാർത്ഥികൾ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ ഇവരുൾപ്പെടെ പാസില്ലാത്ത മുഴുവൻ യാത്രക്കാരും അതിർത്തികളിൽ കുടുങ്ങിയിരിക്കുകയാണ്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട് വാളയാറിലാണ് തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരെത്തുന്നത്. ഇവിടെ പാസുളള യാത്രക്കാരെയെല്ലാം പരിശോധനകൾ പൂർത്തിയാക്കി ക്വാറന്റൈൻ നിർദേശങ്ങൾ നൽകി നാട്ടിലേക്ക് പോകാൻ അനുവദിച്ചു. പാസില്ലാതെ എത്തുന്ന യാത്രക്കാരെ കടത്തിവിട്ടാൽ അവരുടെ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമെന്ന് കണ്ടാൽ പിന്നീട് ഇവരെ കണ്ടെത്താനും ക്വാറന്റൈൻ നടപടികൾ ഫലപ്രദമായി നടപ്പാക്കാനും സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വാളയാറിൽ ഇന്നലെ ഇത്തരത്തിൽ പാസില്ലാതെ തമിഴ്നാട്ടിൽ നിന്നെത്തിയ മലയാളികളെ കോയമ്പത്തൂരിന് സമീപം പ്രത്യേക താമസ സൗകര്യം സജ്ജമാക്കി അവിടേക്ക് അയക്കുകയാണ് ഉണ്ടായത്. ഇന്നും പാസില്ലാതെ എത്തുന്നവരെ തമിഴ്നാട്ടിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണായതിനാൽ സ്വന്തം നിലയ്ക്ക് വാഹനം തരപ്പെടുത്തി വരുന്നവരല്ലാത്തവരെല്ലാം വീടുകളിലെത്താൻ വാഹനങ്ങൾക്ക് ബുദ്ധിമുട്ടേണ്ട സാഹചര്യമാണുള്ളത്.
അത്യാവശ്യവാഹനങ്ങളൊഴികെ ഒന്നും നിരത്തിലിറങ്ങരുതെന്ന് സർക്കാർ നിർദേശമുള്ളതിനാൽ പലസ്ഥലത്തും ടാക്സികൾക്കും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർ ബുദ്ധിമുട്ടി. ഇടുക്കിയിലെ കുമളി, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റുകളിലും തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെത്തുന്നുണ്ടെങ്കിലും കഴിഞ്ഞദിവസത്തേക്കാൾ കുറവാണ് ഇന്ന് ഇതുവരെ എത്തിയവരുടെ എണ്ണമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെയും പാസില്ലാതെ ഒറ്റപ്പെട്ട ചിലർ അതിർത്തി കടക്കാനെത്തിയെങ്കിലും പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഇടപെട്ട് ഇവരെ മടക്കി അയച്ചു. ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണാണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതിനാലാകാം തെക്കൻ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പാസുമായി എത്തുന്ന യാത്രക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നത്രയാണ്. അതേസമയം കൊവിഡ് ജാഗ്രതാ സൈറ്റിൽ പാസിനായി ഇന്നും ധാരാളം പേർ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഇവർക്ക് പാസ് അനുവദിക്കാൻ താമസമെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തമിഴ്നാട്ടിലെ സെർവർ തകരാറും കേരളത്തിൽ ക്വാറന്റൈൻ നടപടികളുമാണ് പാസ് വിതരണം വൈകാൻ കാരണമാകുന്നത്.