തിരുവനന്തപുരം- ദോഹയിൽ നിന്ന് തലസ്ഥാനത്തേക്ക് പ്രവാസികളുമായി ആദ്യ വിമാനം പറന്നിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർക്ക് പല്ലുതേയ്ക്കാനുള്ള പേസ്റ്റ് മുതൽ കട്ടിലും കിടക്കയുമുൾപ്പെടെ മുഴുവൻ സൗകര്യങ്ങളും സജ്ജമാക്കി തിരുവനന്തപുരം നഗരസഭ.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 330 കെട്ടിടങ്ങളിൽ 9100 റൂമുകളാണ് കൊവിഡ് ഫസ്റ്റ് ലെൻ ട്രീറ്റ്മെന്റിനായി നഗരസഭ കണ്ടെത്തിയത് .
ഇതിൽ 55 ഗവൺമെന്റ് ബിൽഡിംഗുകളും , 275 സ്വകാര്യ ബിൽഡിംഗുകളുമാണ് . 23 ഓഡിറ്റോറിയങ്ങൾ , 125 വിദ്യാഭ്യാസ സ്ഥാപനങ്ങൾ , 79 ഹോട്ടലുകൾ , 34 ലോഡ്ജുകൾ , 14 ഫ്ളാറ്റുകൾ , 22 ഹാളുകൾ എന്നിങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത് . 3793 റൂമുകളിൽ ബാത്ത്റൂം അറ്റാച്ച്ഡ് ആണ് . കൂടാതെ ആനയറ സമേതി ഹാൾ , മൺവിള ട്രെയിനിംഗ് സെന്റർ , വിമൻസ് കോളേജ് വഴുതക്കാട് , ഐ എം ജി ഹാൾ , യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ , മാർ ഇവാനിയോസ് കോളേജ് , വിഴിഞ്ഞം സെന്റ് മേരീസ് എന്നീ ഏഴ് കേന്ദ്രങ്ങൾ നഗരസഭയ്ക്ക് കീഴിൽ നേരത്തെ തന്നെ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി ക്വാറന്റൈൻ സെന്ററുകളാണ് . ക്വാറന്റൈൻ സെന്ററുകളിൽ ആളുകളെത്തും മുമ്പ് അവർക്കായി പേസ്റ്റ് , ബ്രഷ് , സോപ്പ് , അലക്ക് സോപ്പ് , ലുങ്കി , നൈറ്റി , പില്ലോ , പില്ലോ കവർ , ഹെയർ ഓയിൽ , ഡെറ്റോൾ , ഹാർപ്പിക് , ടോയ്ലറ്റ് ബ്രഷ് , ബക്കറ്റ് , മഗ്ഗ് , വേസ്റ്റ് ബിൻ , പ്ലേറ്റ് , ഗ്ലാസ്സ് , മാസ്ക് , ചീർപ്പ് , ഷാംപു തുടങ്ങി 21 ഐറ്റം സാധനങ്ങളും ക്വാറന്റൈൻ ചെയ്യപ്പെടുന്ന മുറിയിൽ നഗരസഭ സജ്ജമാക്കിയിട്ടുണ്ട് . അതോടൊപ്പം തന്നെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നതു വരെ സെന്ററിൽ കഴിയുന്നവർക്ക് വേണ്ട ഭക്ഷണവും നഗരസഭ ഒരുക്കും. നിലവിൽ നഗരസഭയ്ക്ക് കീഴിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ ശുചീകരണം , അണുനശീകരണം , ഭക്ഷണവിതരണം എന്നിവയും നഗരസഭയാണ് നടത്തുന്നത് .